കൊല്ലം : സി. കേശവന്റെ പാരമ്പര്യമാണ് ഇടത് സർക്കാർ ഉയർത്തിപ്പിടിക്കുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. സി. കേശവന്റെ 50-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് മയ്യനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയുമെന്നാണ് സി. കേശവൻ പറഞ്ഞത്. സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് ഇന്ത്യൻ ഭരണഘടന പറയുന്നത്. അത് പ്രയോഗത്തിൽ വരുത്തണമെന്ന് സുപ്രീംകോടതി പറഞ്ഞത് വലിയ അപരാധമായാണ് ചിലർ കാണുന്നത്. എൽ.ഡി.എഫ് സർക്കാർ വിശ്വാസികളെ എന്തോ ചെയ്തെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്.
57ലെ ഇ.എം.എസ് സർക്കാരിനെ താഴെയിറക്കാനുള്ള വിമോചന സമരത്തെ സി. കേശവൻ ശക്തിയുക്തം എതിർത്തിരുന്നു. സി. കേശവന്റെ നന്മ വൈവിദ്ധ്യമേറിയതാണ്. അദ്ദേഹത്തിന്റെ പേരിൽ ഏതെങ്കിലും കെട്ടിടങ്ങൾ നിർമ്മിച്ചത് കൊണ്ട് അർത്ഥമില്ല. മയ്യനാട് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള സി. കേശവൻ സ്മാരക മന്ദിരം ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറിയായി മാറ്റണമെന്നും മേഴ്സിക്കുട്ടി അമ്മ ഫറഞ്ഞു.
എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൻ. അനിരുദ്ധൻ, കെ.സി. രാജൻ, വെള്ളിമൺ ദിലീപ്, പ്രൊഫ. കെ. പ്രസന്നരാജൻ, ഡി. ബാലചന്ദ്രൻ, എസ്. രാജീവ്, എസ്. സിന്ധു, ലെസ്‌ലി ജോർജ്, യു. ഉമേഷ്, ബിന്ദു, എം. നാസർ, ഷീലജ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ സ്വാഗതവും സെക്രട്ടറി സജീവ് മാമ്പറ നന്ദിയും പറഞ്ഞു.