ലീഡ്സ് : ഇന്ത്യ– ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് മൽസരത്തിനിടെ ഹെഡിംഗ്‌ലി സ്റ്റേഡിയത്തിന് മുകളിലൂടെ ബാനറുകളുമായി പറക്കുന്ന വിമാനങ്ങളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ‘ജസ്റ്റിസ് ഫോർ കാശ്മീർ, ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കാശ്മീരിനെ സ്വതന്ത്രമാക്കുക’ എന്നീ വാചകങ്ങൾ എഴുതിയ ബാനറുമായിട്ടാണ് ഗ്രൗണ്ടിന് മുകളിലൂടെ രണ്ട് വിമാനങ്ങൾ പറന്നത്.
മത്സരം മൂന്നാം ഒാവറിലേക്ക് കടന്നപ്പോഴാണ് 'ജസ്റ്റിസ് ഫോർ കാശ്മീർ" എന്ന ബാനറുമായി ആദ്യ വിമാനം എത്തിയത്. രണ്ടാമത്തെ വിമാനം എത്തിയത് മത്സരത്തിന്റെ 17-ാം ഒാവറിലും.
ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യങ്ങളാണ് നടന്നതെന്നും കളിക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇതേക്കുറിച്ച് ഐ.സി.സിക്ക് കത്തുനൽകുമെന്നും ബി.സി.സി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ ജൂൺ 29ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരം നടന്നപ്പോഴും ഇത്തരത്തിൽ വിമാനം പറന്നിരുന്നു. 'ജസ്റ്റിസ് ഫോർ ബലൂചിസ്ഥാൻ" എന്ന ബാനറുമായിട്ടാണ് അന്ന് വിമാനം പറന്നത്. സംഭവത്തിൽ ഐ.സി.സി ഖേദം പ്രകടിപ്പിച്ചു. ഇതേ കുറിച്ച് അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.