കൊല്ലം: പള്ളിയിൽ ദിവ്യബലിക്കു പോകാൻ ഓട്ടോയ്‌ക്കു കൈകാണിച്ച വൈദികൻ അതേ ഓട്ടോ ഇടിച്ച് മരിച്ചു. കൊട്ടിയം ഡോൺ ബോസ്കോ കോളേജ് മാനേജരായ കിഴക്കേ നെല്ലിക്കുന്നേൽ ഫാ. തോമസ് അഗസ്റ്റിനാണ് (68) മരിച്ചത്.
പള്ളിത്തോട്ടം സെന്റ് സ്റ്റീഫൻസ് ദേവാലയത്തിനടുത്ത് ഇന്നലെ രാവിലെ 6.45 നാണ് അപകടം. കൊട്ടിയത്ത് ഡോൺബോസ്കോ കോൺവെന്റിൽ താമസിച്ചിരുന്ന ഫാദർ വാരാന്ത്യങ്ങളിൽ സെന്റ് സ്റ്റീഫൻസ് ദേവാലയത്തിൽ അദ്ധ്യാത്മിക കാര്യങ്ങളിൽ സഹായിയായി പോകുമായിരുന്നു. രാവിലെ ബെൻസിഗർ ചാപ്പലിൽ ദിവ്യബലി അർപ്പിക്കാൻ പോകേണ്ട ദൈവികനെ കാത്ത് അവിടെ നിന്നുള്ള കാർ പള്ളിമുറ്റത്ത് കിടപ്പുണ്ടായിരുന്നെങ്കിലും, അക്കാര്യമറിയാതെയാണ് വൈദികൻ പുറത്തിറങ്ങി ഓട്ടോയ്‌ക്ക് കൈ കാണിച്ചത്. നിയന്ത്രണം വിട്ട ഓട്ടോ വൈദികനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോട്ടയം കടപ്ലാമറ്റം കിഴക്കേ നെല്ലിക്കുന്നേൽ പരേതരായ അഗസ്റ്റിൻ ജോസഫിന്റെയും മരിയക്കുട്ടിയുടെയും മകനാണ്. വിദേശത്തുള്ള സഹോദരങ്ങൾ എത്തിയ ശേഷം മണ്ണുത്തി ഡോൺ ബോസ്കോ ആശ്രമത്തിൽ സംസ്കാരം നടത്തും.