2005ൽ വിശാഖപട്ടണത്ത് വച്ച് നടന്ന പാകിസ്ഥാനെതിരെയുള്ള ഏകദിന മത്സരത്തിൽ 148 റൺസ് നേടിയാണ് എം.എസ് ധോണി എന്ന ഇന്ത്യയുടെ തകർപ്പൻ സ്കിപ്പർ ക്രിക്കറ്റ് ആരാധകർക്കിടയിൽ പ്രസിദ്ധി നേടുന്നത്. അന്ന് മുതൽ ധോണിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. തന്റെ മികച്ച പ്രകടനം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് സേനാനായകൻ പദവിയിലേക്ക് വരെ ധോണി എത്തി. ധോണിയുടെ നേതൃത്വത്തിൽ 2007ലെ ട്വന്റി 20 ലോകകപ്പും 2011ലെ ക്രിക്കറ്റ് ലോകകപ്പും ഇന്ത്യയുടെ കൈകളിലേക്ക് എത്തിച്ചേർന്നു. 2005ൽ 148 റൺസ് നേടിയത് മാത്രമല്ല ധോണി ആരാധകരുടെ പ്രിയതാരമായി മാറാൻ കാരണം. ധോണി കയ്യൊപ്പിട്ട അദ്ദേഹത്തിന്റെ 'ഹെലികോപ്ടർ ഷോട്ട്' കൂടി ആയിരുന്നു അതിനുള്ള മറ്റൊരു കാരണം.
എന്നാൽ ഈ സിഗ്നേച്ചർ ഷോട്ട് ധോണിയെ മറ്റൊരാൾ പഠിപ്പിച്ചതാണ് എന്നുള്ള വാർത്ത ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് സ്വീകരിച്ചത്. ധോണിയുടെ ജീവിതത്തെ അധാരമാക്കി നിർമിച്ച ഡോക്യുമെന്ററിയായ 'എം.എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി'യിലൂടെയാണ് ഈ വിവരം ധോണിയുടെ ആരാധകർ മനസിലാക്കുന്നത്. ജാർഖണ്ഡിലെ രഞ്ജി ടീമിൽ ധോണിക്കൊപ്പമുണ്ടായിരുന്ന ബാല്യകാല സുഹൃത്തായ സന്തോഷ് ലാലാണ് ഹെലികോപ്ടർ ഷോട്ടിന്റെ വിദ്യ ധോണിയെ പഠിപ്പിക്കുന്നത്. അതിന് ധോണി പാരിദോഷികമായി നൽകിയതോ ഏതാനും സമൂസകൾ. അന്ന് ഇരുവരും 'ധപ്പട് ഷോട്ട്' എന്നാണ് ഈ പ്രത്യേക ഷോട്ടിന് പേര് നൽകിയിരുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് താരമായി പേരെടുത്ത ശേഷം ജാർഖണ്ഡിലുളള തന്റെ പഴയ കളിക്കൂട്ടുകാരുമായി ധോണി വലിയ സൗഹൃദമെന്നും സൂക്ഷിച്ചിരുന്നില്ല. എന്നാൽ സന്തോഷിനെ ധോണിക്ക് അങ്ങനെ മറക്കാൻ സാധിച്ചില്ല. തനിക്ക് തന്റെ ട്രേഡ്മാർക്ക് ഷോട്ട് സ്വായത്തമാക്കി തന്ന ആ പഴയ കൂട്ടുകാരനുമായി ധോണി എന്നും ഗാഢമായ ബന്ധം സൂക്ഷിച്ചിരുന്നു. സന്തോഷ് മരണപ്പെടും വരെ. പിത്താശയ അർബുദം പിടിപെട്ട തന്റെ കളിക്കൂട്ടുകാരനെ രക്ഷിക്കാൻ തനിക്ക് ആവുംവിധം ധോണി ശ്രമിച്ചിരുന്നു. എന്നാൽ മരണം ഒടുവിൽ അദ്ദേഹത്തെ പിടികൂടി.
സന്തോഷിനെ നില മോശമാകുന്നത് തന്റെ ടീമിനൊപ്പം ടൂറിയിലായിരുന്ന ധോണി അറിയുന്നുണ്ടായിരുന്നു. റാഞ്ചിയിൽ ചികിത്സയിലായിരുന്ന തന്റെ സുഹൃത്തിന് അടിയന്തിര ചികിത്സ ലഭ്യമാക്കാൻ ധോണി എയർ ആംബുലൻസ് വരെ ഏർപ്പാടാക്കി നൽകിയിരുന്നു. എന്നാൽ മോശം കാലാവസ്ഥ കാരണം ഹെലികോപ്ടറിന് സന്തോഷിനെയും കൊണ്ട് പറന്നുയരാൻ സാധിച്ചില്ല. കാലാവസ്ഥയെ നേരിട്ട് സന്തോഷിനെ ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാകട്ടെ ഏറെ വൈകിപോയിരുന്നു. 2013 ജൂലൈ പതിനേഴിനാണ് സന്തോഷ് ലാൽ മരണമടയുന്നത്. ഒരുപക്ഷെ സന്തോഷ് വഴികാട്ടിയായി ഇല്ലായിരുന്നുവെങ്കിൽ ഇന്ന് 38ാം വയസിലെത്തി നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 'തലയെ' നമ്മുക്ക് ഇന്നത്തെ നിലയിൽ കാണാൻ സാധിക്കുമായിരുന്നില്ല. ഇന്ത്യയെ പലതവണ വിജയത്തിലേക്കെത്തിച്ച അദ്ദേഹത്തിന്റെ 'ഹെലികോപ്റ്റർ ഷോട്ടും' ഉണ്ടാകുമായിരുന്നില്ല.