ബംഗളൂരു:കർണാടകത്തിൽ എം.എൽ.എമാരുടെ കൂട്ടരാജിക്ക് പിന്നാലെ, സഖ്യസർക്കാരിനെ സംരക്ഷിക്കാൻ കോൺഗ്രസ് - ദൾ നേതാക്കൾ സംസ്ഥാനത്തും മുംബയിൽ വിമത എം. എൽ. എമാരുമായും തിരക്കിട്ട ചർച്ച തുടരുകയാണ്. രാജിവച്ച പത്ത് എം. എൽ. എമാരാണ്
ശനിയാഴ്ച തന്നെ മുംബയിലെത്തിയത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് മഹേന്ദ്ര സിൻഹി മുംബയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തി ഇവരുമായി ചർച്ച നടത്തി.
രാജിവച്ച മുഴുവൻ എം.എൽ.എമാർക്കും കോൺഗ്രസ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. എന്ത് വിലകൊടുത്തും മന്ത്രിസഭ നിലനിർത്തണമെന്ന എ.ഐ.സി.സി നിർദ്ദേശത്തെ തുടർന്നാണ് ഈ ഒത്തുതീർപ്പ്. ഈ നിർദേശം അംഗീകരിക്കപ്പെട്ടാൽ നിലവിലുള്ള നിരവധി മന്ത്രിമാർ രാജിവയ്ക്കേണ്ടിവരും. വിമത എം.എൽ.എമാർ ഇതിനോട് പ്രതികരിച്ചിട്ടില്ല.
അതിനിടെ കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം വീണ്ടും ആവശ്യപ്പെട്ടു.
ഇന്നലെ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി ഇന്നലെ രാത്രി ദൾ നിയമസഭാകക്ഷി യോഗം വിളിച്ചു കൂട്ടി.
ബി.ജെ.പി എം.പിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് വിമതർ മുംബയിൽ എത്തിയതെന്നാണ് റിപ്പോർട്ട്. അവിടെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇവർ താമസിക്കുന്നത്. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ബി. ജെ. പി കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയില്ലെങ്കിൽ ഇവരെ ഇത്ര വേഗം മുംബയിൽ എത്തിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ആരോപിച്ചു.
ബംഗളൂരുവിൽ കെ. സി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ചർച്ച. സിദ്ധരാമയ്യ, ജി പരമേശ്വര തുടങ്ങിയവരുമായി വേണുഗോപാൽ ചർച്ച നടത്തി. താൻ ആത്മവിശ്വാസത്തിലാണെന്നും എം.എൽ.എമാർ മടങ്ങി വരുമെന്നും കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ പറഞ്ഞു. മുമ്പ് റിസോർട്ട് രാഷ്ട്രീയ പ്രതിസന്ധികളിൽ കോൺഗ്രസിന് തുണയായത് ശിവകുമാറിന്റെ തന്ത്രങ്ങളായിരുന്നു. സർക്കാർ സുരക്ഷിതമാണെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞു.
നാളെ അറിയാം
നാളെയാണ് എം.എൽ.എമാരുടെ രാജിയിൽ സ്പീക്കറുടെ തീരുമാനം. അതിനുമുമ്പ് പരിഹാരത്തിനാണ് കോൺഗ്രസ് ശ്രമം. കോൺഗ്രസിന്റെ വാഗ്ദാനങ്ങളിൽ എം.എൽ.മാർ വീഴാതിരിക്കാനുള്ള മറുതന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. സ്പീക്കർ എം.എൽ.എമാരുടെ രാജി സ്വീകരിച്ചാൽ കോൺഗ്രസിന് കാര്യങ്ങൾ കൈവിട്ടു പോകും.
അതൃപ്തിയുമായി രാഹുൽ
വിമത നീക്കം മുൻകൂട്ടി കാണുന്നതിൽ കർണാടക കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടെന്നാണ് രാഹുലിന്റെ പക്ഷം. രാഹുൽ അതൃപ്തി അറിയിച്ചെന്നാണ് സൂചന.
കക്ഷിനില
224അംഗ സഭയിൽ കോൺഗ്രസിനും ദളിനും കൂടി 118 അംഗങ്ങളാണുണ്ടായിരുന്നത്. ( ബി. എസ്. ബി ഒന്നും ഒരു സ്വതന്ത്രനും ഉൾപ്പെട ). അപ്പോൾ കേവല ഭൂരിപക്ഷം 113 ആയിരുന്നു. എം. എൽ.എമാരുടെ രാജിയോടെ കോൺ. - ദൾ സഖ്യം 106 പേരായി കുറഞ്ഞു. കേവല ഭൂരിപക്ഷം 105 ആയും കുറഞ്ഞു. ബി. ജെ. പിക്ക് 105 പേരുണ്ട്.