kharif

കൊച്ചി: മനം നിറഞ്ഞ് പെയ്യുമെന്ന് പ്രതീക്ഷിച്ച മൺസൂൺ വരാൻ മടിച്ചതോടെ, കർഷകരെ വലച്ച് ഇന്ത്യയിൽ മഴക്കാല കൃഷിയിൽ വൻ മാന്ദ്യം. 2019-20 ജൂലായ് - ജൂൺ മഴക്കാല കൃഷി സീസണിൽ (ഖരീഫ്) കൃഷി ഇറക്കിയ സ്ഥലത്തിന്റെ അളവിൽ 27 ശതമാനം കുറവാണുണ്ടായത്. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 234.33 ലക്ഷം ഹെക്‌ടറിലാണ് ഇക്കുറി കൃഷിയിറക്കിയത്. കഴിഞ്ഞവർഷത്തെ സമാന സീസണിൽ 319.68 ലക്ഷം ഹെക്‌ടറിൽ കൃഷിയുണ്ടായിരുന്നു.

പ്രധാന ഖരീഫ് വിളകളായ അരി, പയർവർഗങ്ങൾ, കരിമ്പ്, കോട്ടൺ എന്നിവയുടെയെല്ലാം കൃഷി കുറഞ്ഞു. പ്രതീക്ഷിച്ചതിലും 33 ശതമാനം കുറവാണ് ഈവർഷം ഇതുവരെ മൺസൂണിൽ ഉണ്ടായതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) കണക്ക്. വരും മാസങ്ങളിൽ മൺസൂൺ മെച്ചപ്പെടുമെന്ന് ഐ.എം.ഡി സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും, നിലവിലെ സ്ഥിതിയെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

മഴക്കുറവ് കൃഷിയെ ബാധിച്ച പശ്‌ചാത്തലത്തിൽ, കഴിഞ്ഞവാരം നരേന്ദ്ര മോദി സർക്കാർ 14 ഖരീഫ് വിളകളുടെ താങ്ങുവില (എം.എസ്.പി - മിനിമം സപ്പോർട്ട് പ്രൈസ്) നേരിയ തോതിൽ വർദ്ധിപ്പിച്ചിരുന്നു. നെല്ലിന് 65 രൂപയും (ക്വിന്റൽ) പരിപ്പിന് 125 രൂപയും ചോളത്തിന് 120 രൂപയുമാണ് കൂട്ടിയത്. സോയാബീനിന് 311 രൂപയും സൺഫ്ളവറിന് 262 രൂപയും കൂട്ടി. താങ്ങുവില വർദ്ധന നാമമാത്രമാണെന്ന പ്രതിഷേധമുണ്ട്. നെല്ലിന് കഴിഞ്ഞവർഷം 200 രൂപ വർദ്ധിപ്പിച്ച സ്ഥാനത്താണ്, ഇക്കുറി 65 രൂപയുടെ വർദ്ധന.