ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ പദവിയിൽ നിന്ന് രാജിവച്ച രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച ബി.ജെ.പി. എം.പി സുബ്രഹ്മണ്യൻ സ്വാമിക്കെതിരെ അപകീർത്തിക്കേസ്. രാഹുൽ ഗാന്ധി കൊക്കെയ്ൻ എന്ന മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശത്തിന് എതിരെയാണ് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അടക്കമുള്ളവർ പൊലീസിനെ സമീപിച്ചിരിക്കുന്നത്.
ഉത്തർ പ്രദേശിലെ ബാരാബങ്കിയിലും ഛത്തീസ്ഗഡിലെ പത്തൽഗാവ് പൊലീസ് സ്‌റ്റേഷിലും സുബ്രമണ്യൻ സ്വാമിക്കെതിരെ കേസെടുത്തിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗ് സർക്കാർ ജീവനക്കാർക്ക് നിർബന്ധിത ഡോപ് ടെസ്റ്റ് നടത്താൻ ഉത്തരവിട്ടതിന് പിന്നാലെയാണ് സ്വാമി രാഹുലിനെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയത്.
രാഹുൽഗാന്ധി മയക്ക് മരുന്ന് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പഞ്ചാബ് സർക്കാർ നിർദേശിക്കുന്ന ഡോപ് ടെസ്റ്റ് നടത്തിയാൽ പരാജയപ്പെടും എന്നായിരുന്നു സുബ്രമണ്യൻ സ്വാമിയുടെ പരാമർശം. തീരുമാനം പുറത്ത് വന്നതിന് പിന്നാലെ പഞ്ചാബ് സർക്കാരിനെ വിമർശിച്ച് കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ രംഗത്ത് വന്നിരുന്നു. എഴുപത് ശതമാനം പഞ്ചാബികളും മയക്കുമരുന്നിന് അടിമകളാണ് എന്ന് മുദ്രകുത്തുന്ന നേതാക്കളെ ആണ് ആദ്യം ഡോപ് പരിശോധന നടത്തേണ്ടത് എന്നാണ് കൗർവിമര്‍ശിച്ചത്.ഹർസിമ്രത് കൗർ പറഞ്ഞത് രാഹുൽ ഗാന്ധിയെ ഉദ്ദേശിച്ചാണ് എന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരിഹാസം.
താൻ പറഞ്ഞത് സത്യമല്ല എന്ന് സുബ്രമണ്യൻ സ്വാമിക്ക് തന്നെ അറിയാം. എങ്കിലും രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്നതിന് വേണ്ടി മനപ്പൂർവ്വം അത്തരം പ്രസ്താവന നടത്തിയിരിക്കുകയാണെന്ന് ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതാവ് പവൻ അഗർവാൾ പ്രതികരിച്ചു.