punjab-nationa-bank

മുംബയ്: പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും വായ്പാ തട്ടിപ്പ്. ഇത്തവണ 3800 കോടിയാണ് ബാങ്കിൽ നിന്നും ഭൂഷൺ പവർ ആൻഡ് സ്റ്റീൽ ലിമിറ്റഡ് എന്ന കമ്പനി തട്ടിയെടുത്തിരിക്കുന്നത്. ഈ കാര്യം ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ പി.എൻ.ബി അറിയിച്ചിട്ടുണ്ട്. ഫണ്ട് വക മാറ്റിയും അക്കൗണ്ടിൽ കൃത്രിമം കാട്ടിയുമാണ് ഭൂഷൺ പവർ ആൻഡ് സ്റ്റീൽ ഈ തട്ടിപ്പ് നടത്തിയതെന്നാണ് അറിയുന്നത്. ഈ വിഷയത്തിൽ ഫെഡറൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പൊലീസ് അന്വേഷണത്തിലൂടെയും ഫോറൻസിക് ഓഡിറ്റിലൂടെയുമാണ് ഈ തട്ടിപ്പ് തങ്ങൾ കണ്ടെത്തിയതെന്നാണ് പി.എൻ.ബി സ്റ്റോക്ക് എക്സ്ച്ചേഞ്ചുകളെ വിവരമറിയിച്ചിരിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ദുബായിലും, ഹോങ്കോങ്ങിലും ഉള്ള ശാഖകളിലൂടെയാണ് ഈ തട്ടിപ്പ് നടന്നതെന്നും ബാങ്ക് അധികൃതർ പറയുന്നു. ബാങ്കുകളുടെ കൂട്ടായ്മയെ തെറ്റിദ്ധരിപ്പിച്ച് ഭൂഷൺ പവർ ആൻഡ് സ്റ്റീൽ പണം കവർന്നിട്ടുണ്ടെന്നും ബാങ്ക് പറയുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കടബാധ്യത ഉള്ള കമ്പനികളിൽ ഒന്നാണ് ഭൂഷൺ പവർ ആൻഡ് സ്റ്റീൽ.

ഇന്ത്യയിൽ അടുത്തിടെ നിലവിൽ വന്ന പാപ്പരത്ത നിയമ പ്രകാരം റിസർവ് ബാങ്ക് കോടതിയിലേക്ക് റഫർ ചെയ്ത ആദ്യ 12 സ്ഥാപനങ്ങളിൽ ഒന്നാണ് ഭൂഷൺ പവർ ആൻഡ് സ്റ്റീൽ. ഇതിന് മുൻപ് ഇതേ ബാങ്കിൽ നിന്നും 13,000 കോടിയുടെ തട്ടിപ്പ് നടത്തി വജ്രവ്യാപാരിയായ നീരവ് മോദി നാട് വിട്ടത് എറെ വിവാദം സൃഷ്ടിച്ചിരുന്നു. ലണ്ടനിലേക്ക് കടന്ന നീരവ് അവിടെ ആഡംബര ജീവിതം നയിക്കുന്നതിന്റെ വാർത്തകളും മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.