ss

തിരുവനന്തപുരം: പൂട്ടിക്കിടന്ന വീട്ടിൽ മോഷണം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പുഞ്ചക്കരി മുട്ടളക്കുഴിയിൽ വാടകയ്‌ക്ക് താമസിക്കുന്ന വള്ളക്കടവ് ഖദീജ മൻസിലിൽ ഷാരൂഖ് ഖാൻ (20), കൊല്ലം മേയനൂർ ശാസ്‌താംപൊയ്ക രാജമല്ലി സദനത്തിൽ പ്രശാന്ത് (23) എന്നിവരെയാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ആസൂത്രണം ചെയ്‌തശേഷം ജയിലിൽ നിന്നിറങ്ങി മോഷണം നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. മണക്കാട് കൊഞ്ചിറവിള ഭാഗത്തെ ഒരു വീട്ടിൽ കഴിഞ്ഞയാഴ്ച നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഈ വീട്ടിൽ നിന്നും നാലരപ്പവന്റെ ആഭരണങ്ങൾ മോഷണം പോയിരുന്നു. വീട്ടിലെ സി.സി ടിവി ഹാർഡ് ഡിസ്‌കും നഷ്ടമായിരുന്നു. അടുത്തകാലത്ത് ജയിലിൽ നിന്നിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. അടുത്തിടെ കഴക്കൂട്ടം യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ഓഫീസ് കുത്തിത്തുറന്ന് 1.25 ലക്ഷം മോഷണം നടത്തിയ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാണ് ഷാരൂഖ് ഖാൻ വീണ്ടും മോഷണം നടത്തിയത്. പോക്‌സോ കേസിൽ ഉൾപ്പെട്ടാണ് പ്രശാന്ത് ജയിലിലായത്. ഡി.സി.പി ആർ. ആദിത്യ, ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പ്രതാപൻ നായർ, സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ് കുമാർ, കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർ ശിവസുതൻ പിള്ള, ഫോർട്ട് സി.എ മനോജ്.ടി, ഷാഡോ എ.എസ്.ഐമാരായ യശോധരൻ, അരുൺകുമാർ ഷാഡോ ടീം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്യുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.