bandicoot

ന്യൂഡൽഹി: ഓടകളിലും മാൻഹോളുകൾക്കുള്ളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനായി നിർമിച്ചിട്ടുള്ള പ്രത്യേകതരം റോബോട്ടുകളെ തേടി ഡൽഹി സർക്കാർ കേരളത്തിലേക്ക് എത്തുന്നു. ഡൽഹി സർക്കാരിലെ സാമൂഹ്യനീതി വകുപ്പ് മന്ത്രി രാജേന്ദ്ര പാൽ ഗൗതമാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഇദ്ദേഹവും ഡൽഹി സർക്കാരിന്റെ മറ്റ് പ്രതിനിധികളും കേരളത്തിലേക്കെത്തും. ഓടകൾ വൃത്തിയാക്കുന്ന റോബോട്ടിനെ നിർമിച്ച കേരളത്തിലെ എൻജിനീയർമാരുമായി രാജേന്ദ്ര പാൽ ചർച്ചകൾ നടത്തും.

ഇതിന് മുൻപ് ഡൽഹി സർക്കാർ ഓടകൾ ശുചീകരിക്കാനായി 200ൽ പരം റോബോട്ടുകളെ വാങ്ങിയിരുന്നു. എന്നാൽ ഇവയുടെ വലിപ്പം കാരണം ഈ റോബോട്ടുകൾക്ക് ഡൽഹിയിലെ ഓടകളിലേക്ക് ഇറങ്ങാനായില്ല. ഇവിടങ്ങളിൽ ഇപ്പോഴും സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ ഓടകൾ വൃത്തിയാക്കുന്നത് ശുചീകരണ തൊഴിലാളികൾ തന്നെയാണ്. ഫെബ്രുവരിയിൽ തന്നെ ഇക്കാര്യത്തിൽ കേരളം സന്ദർശിക്കാൻ ഡൽഹി സർക്കാരിന് പദ്ധതി ഉണ്ടായിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് ചട്ടം നിലനിന്നതിനാൽ ഇത് മാറ്റി വയ്ക്കുകയായിരുന്നു. കേരളവും, തമിഴ് നാടും, ആന്ധ്രാ പ്രദേശും വൻതോതിൽ ഈ റോബോട്ടിനെ ഉത്പാദിപ്പിക്കാൻ തയാറെടുക്കുകയാണ്.

ഓടകൾ ശുചീകരിക്കുന്ന 'ബാൻഡികൂറ്റ്' എന്ന റോബോട്ടിനെ 'ജെൻറോബോട്ടിക്‌സ്' എന്ന കമ്പനിയാണ് നിർമിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുമുള്ള ഏഴ് യുവ എൻജിനീയർമാർ ആരംഭിച്ച ഈ കമ്പനി രണ്ട് വർഷം മുൻപാണ് ഈ യന്ത്രം നിർമിച്ചത്. ഓടകളും മാൻഹോളുകൾക്കുള്ളിലും വൃത്തിയാകാൻ 15 മുതൽ 45 മിനിറ്റ് വരെയാണ് ഈ റോബോട്ടിന് ആവശ്യമായി വരിക. 20 മീറ്റർ ആഴത്തിൽ വരെ 'ബാൻഡികൂറ്റി'ന് പോകാൻ സാധിക്കും.

അപകടരമായ സാഹചര്യങ്ങളിൽ മനുഷ്യർ ഓടകളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാനാകും എന്നതാണ് ഈ റോബോട്ട് നൽകുന്ന മേന്മ. ഓടയ്ക്ക് പുറത്ത് നിന്ന് ഒരാൾക്ക് റോബോട്ടിനെ നിയന്ത്രിക്കാനാകും. ക്യാമറകളുടെ സഹായത്തോടെയാണ് ഇത് ചെയുക. ഇന്ത്യയിൽ നിരവധി ശുചീകരണ തൊഴിലാളികളാണ് ഓടയിലും മാൻഹോളുകളിലും ഇറങ്ങുന്നതിലൂടെ കൊല്ലപ്പെടുന്നത്. ഇത് മനസിലാക്കിയാണ് യുവ സംരംഭകർ ഈ റോബോട്ടിന് രൂപം നൽകുന്നത്.