aicc

ശ്രീനഗർ: അദ്ധ്യക്ഷ പദവിയിൽ നിന്ന് രാഹുൽ ഗാന്ധി രാജിവച്ചതിന് പിന്നാലെ കോൺഗ്രസിൽ നേതാക്കളുടെ രാജി തുടരുന്നു. ജമ്മു കാശ്മീരിലെ മുതിർന്ന കോൺഗ്രസ് നേതാവ് മുഹമ്മദ് ഇക്ബാൽ മാലികാണ് ഒടുവിൽ രാജിവച്ചത്. രാജ്യത്തെ കോൺഗ്രസ് നേതൃത്വം കോമയിലാണെന്ന് രാജിക്കത്തിൽ അദ്ദേഹം ആരോപിച്ചു. ജമ്മു കാശ്മീർ പി.സി.സി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്നു ഇക്ബാൽ. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവയ്ക്കുന്നതായി ഇക്ബാൽ രാജിക്കത്തിൽ വ്യക്തമാക്കി.

പാർട്ടി നേതൃത്വം കോമയിലാണെന്നും തങ്ങളുടെ പരാതികൾ കേൾക്കാൻ ആരുമില്ലെന്നും ഇക്ബാൽ രാജിക്കത്തിൽ പറയുന്നു. ജമ്മു കാശ്മീർ പി.സി.സി അദ്ധ്യക്ഷൻ ഗുലാം മുഹമ്മദ് മിർനിനാണ് ഇക്ബാൽ രാജിക്കത്ത് നല്‍കിയത്.

എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജ്യോതിരാദിത്യ സിന്ധ്യയും മുംബയ് പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മിലിന്ദ് ദിയോറയും ഇന്ന് രാജിവച്ചിരുന്നു.