fraud

 ആരോപണം ഭൂഷൺ സ്‌റ്റീലിനെതിരെ

 തിരിമറി ₹3,800 കോടിയുടേത്

ന്യൂഡൽഹി: രാജ്യത്തെ ഇരുമ്പ്-ഉരുക്ക് വ്യാപാര രംഗത്തെ പ്രമുഖരായ ഭൂഷൺ പവർ ആൻഡ് സ്‌റ്റീൽ 3,800 കോടി രൂപയുടെ വായ്‌പാ തിരിമറി നടത്തിയെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) റിപ്പോർട്ട് ചെയ്‌തു. ഭൂഷൺ സ്‌റ്റീൽ വാങ്ങിയ വായ്‌പ നിലവിൽ കിട്ടാക്കടവും (എൻ.പി.എ) ഇൻസോൾവൻസി കേസ് നേരിടുന്നതുമാണ്.

ബാങ്കിന്റെ ചണ്ഡീഗഡ് ശാഖയിൽ നിന്ന് 3,200 കോടി രൂപയും ദുബായ് ശാഖയിൽ നിന്ന് 345 കോടി രൂപയും ഹോങ്കോംഗ് ശാഖയിൽ നിന്ന് 268 കോടി രൂപയുമാണ് ഭൂഷൺ പവർ ആൻഡ് സ്‌റ്റീൽ വായ്‌പയെടുത്തത്. എന്നാൽ, ചട്ടവിരുദ്ധമായി വായ്‌പാത്തുക ഭൂഷൺ സ്‌റ്റീൽ മറ്ര് മേഖലകളിൽ നിക്ഷേപിച്ചുവെന്നാണ് ആരോപണം. പഞ്ചാബ് നാഷണൽ ബാങ്കിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഭൂഷൺ സ്‌റ്രീലിൽ സി.ബി.ഐ ഫോറൻസിക് ഓഡിറ്റ് നടത്തി എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തിരുന്നു.

വിവാദ വ്രജ വ്യാപാരി നീരവ് മോദി, അമ്മാവൻ മേഹുൽ ചോക്‌സി എന്നിവർ ചേർന്ന് 14,000 കോടി രൂപയുടെ വായ്‌പാത്തട്ടിപ്പ് നടത്തിയ കേസിന് പിന്നാലെ പി.എൻ.പി റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ തട്ടിപ്പു കേസുകളിലൊന്നാണിത്. ഭൂഷൺ സ്‌റ്റീലിലെ തിരിമറികൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിന് കീഴിലെ സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്രിഗേഷൻ ഓഫീസും (എസ്.എഫ്.ഐ.ഒ) അന്വേഷിച്ചിരുന്നു. ഡൽഹി കോടതിയിൽ ഭൂഷൺ സ്‌റ്റീലിന്റെ പ്രമോട്ടർമാർ, ഓഡിറ്റർമാർ, ഡയറക്‌ടർമാർ എന്നിവർക്കെതിരെ എസ്.എഫ്.ഐ.ഒ 70,000 പേജുകളുള്ള റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.