car

ന്യൂഡൽഹി: ആഭ്യന്തര വാഹന വിപണിയിൽ നിന്ന് മാന്ദ്യം വിട്ടൊഴിഞ്ഞിട്ടില്ലെന്ന സൂചന ശക്തമാക്കി, കഴിഞ്ഞമാസവും ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി ഉത്‌പാദനം വെട്ടിക്കുറച്ചു. ഏതാനും മാസങ്ങളായി ഇന്ത്യയിൽ വാഹന വില്‌പന നെഗറ്രീവ് വളർച്ചയാണ് കുറിക്കുന്നത്. മേയിൽ 20 ശതമാനത്തോളമായിരുന്നു വില്‌പന ഇടിവ്. കഴിഞ്ഞ 18 വർഷത്തെ മോശം കണക്കാണിത്.

ജൂണിൽ മാരുതിയുടെ ഉത്‌പാദനത്തിൽ 15.6 ശതമാനമാണ് കുറവ്. തുടർച്ചയായ അഞ്ചാം മാസമാണ് മാരുതി ഉത്‌പാദനം കുറയ്ക്കുന്നത്. 1.32 ലക്ഷം യൂണിറ്റുകളിൽ നിന്ന് 1.11 ലക്ഷം യൂണിറ്റുകളിലേക്കാണ് കഴിഞ്ഞമാസത്തെ ഉത്‌പാദനം കുറച്ചത്. പാസഞ്ചർ വാഹന ഉത്‌പാദനം മാത്രം 16.34 ശതമാനം കുറഞ്ഞു. ഓൾട്ടോ ഉൾപ്പെടെയുള്ള ചെറുകാർ ശ്രേണിയുടെ ഉത്‌പാദനം 48.2 ശതമാനമാണ് കുറഞ്ഞത്. വാഗൺആർ, സ്വിഫ്‌റ്ര്, ഡിസയർ എന്നിവ ഉൾപ്പെടുന്ന കോംപാക്‌റ്ര് ശ്രേണിയുടെ ഉത്‌പാദന ഇടിവ് 1.46 ശതമാനമാണ്

യൂട്ടിലിറ്രി വിഭാഗം 5.26 ശതമാനവും വാൻ ശ്രേണി 27.87 ശതമാനവും ഉത്‌പാദന നഷ്‌ടം കുറിച്ചു. മാരുതിയുടെ ചെറു വാണിജ്യ വാഹനമായ സൂപ്പർ ക്യാരിയുടെ ഉത്‌പാദവും കുറഞ്ഞിട്ടുണ്ട്. മേയിൽ മാരുതി 18 ശതമാനം ഉത്‌പാദന കുറവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രിലിൽ പത്തു ശതമാനവും മാർച്ചിൽ 20.9 ശതമാനവുമായിരുന്നു കുറവ്. ജൂണിലെ മൊത്തം വാഹന വില്‌പന കണക്ക് നിർമ്മാതാക്കളുടെ സംഘടനയായ സൊസൈറ്രി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) പുറത്തുവിട്ടിട്ടില്ല.