jayapradha-actress

ലക്നൗ: ഉത്തർ പ്രദേശിലെ വിദ്യാർത്ഥികളെ സ്പെല്ലിംഗ് തെറ്റിച്ച് പഠിപ്പിച്ച് ബി.ജെ.പി നേതാവും മുൻ സിനിമാ നടിയുമായ ജയപ്രദ. ഉത്തർപ്രദേശിലെ രാംപൂരിലെത്തിയ എം.പി അദ്ധ്യാപികയുടെ സ്ഥാനമേറ്റെടുത്താണ് വിദ്യാർത്ഥികൾക്ക് ജയപ്രദ തെറ്റായ പാഠം നൽകിയത്.

വിദ്യാർത്ഥികളെ പഠിപ്പിക്കാനായി 'ഇന്ത്യ ഈസ് മൈ കൺട്രി' എന്ന് ജയപ്രദ ക്ലാസിലുള്ള വൈറ്റ് ബോർഡിൽ എഴുതി. എന്നാൽ 'കൺട്രി' എഴുതുമ്പോൾ 'യു' എന്ന ഇംഗ്ലീഷ് അക്ഷരം എഴുതാൻ വിട്ടുപോയ ജയപ്രദ 'കൊൺട്രി' എന്നാണ് ബോർഡിൽ എഴുതിയത്. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

'ഇംഗ്ളീഷിൽ എഴുതിയാൽ നിങ്ങൾക്ക് വായിക്കാൻ സാധിക്കില്ലേ?' എന്ന് വിദ്യാർത്ഥികളോട് ചോദിച്ച ശേഷമാണ് ജയപ്രദ 'ഇന്ത്യ ഈസ് മൈ കൺട്രി' എന്ന് ബോർഡിൽ എഴുതിയത്. ജയപ്രദ വരുത്തിയ ഈ തെറ്റ് ചൂണ്ടിക്കാട്ടാൻ അധ്യാപകരോ വിദ്യാർത്ഥികളോ തയാറായില്ല. സ്‌കൂളുകളിൽ ചേരാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതിനായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിവച്ച ക്യാംപയിനിന്റെ ഭാഗമായാണ് ജയപ്രദ ഉത്തർ പ്രദേശിലെ സ്‌കൂളിൽ എത്തിയത്.

2019 മേയിലെ തിരഞ്ഞെടുപ്പിൽ രാംപൂർ ലോക്സഭാ മണ്ഡലത്തിൽ ജയപ്രദ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനോട് തോറ്റിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ജയപ്രദയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവനയിറക്കിയ ആസാം ഖാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നേരിട്ടിരുന്നു. ജയപ്രദയുടെ അടിവസ്ത്രത്തിന്റെ നിറം 'കാക്കി' ആണെന്നായിരുന്നു ആസം ഖാന്റെ പ്രസ്താവന.