കറാച്ചി: ലോകകപ്പിൽ പാകിസ്ഥാൻ സെമിയിലെത്തുന്നത് തടയാനല്ല ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതെന്ന് തുറന്നു പറഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ സർഫാറസ് മുഹമ്മദ്. ഇന്ത്യ ഇംഗ്ലണ്ടിനോട് മനപ്പൂർവം തോറ്റു കൊടുത്തതാണെന്ന് താൻ കരുതുന്നില്ലെന്നും ടീമിന്റെ മികവുകൊണ്ടാണ് ഇംഗ്ലണ്ട് ജയിച്ചതെന്നും സർഫ്രസ് പറഞ്ഞു.
മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വഖാർ യൂനിസ് ഉൾപ്പെടെയുള്ള താരങ്ങളും പാക്കിസ്ഥാൻ ആരാധകർ പോലും ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനിടെയാണ് പിന്തുണ അറിയിച്ച് സർഫ്രസ് എത്തുന്നത്. ഇംഗ്ലണ്ടിനെ ജയിക്കാൻ ഇന്ത്യയ്ക്ക് അവസരം ഉണ്ടായിട്ടും കളഞ്ഞുകുളിച്ചുഎന്ന ആരോപണമാണ് നിലവിലുള്ളത്. കറാച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അല്ല. അങ്ങനെ പറയുന്നതു ശരിയല്ല. പാക്കിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ തോറ്റു കൊടുത്തുവെന്നു ഞാൻ കരുതുന്നില്ല. കളി ജയിക്കാനുള്ള ആഗ്രഹത്തിൽ ഇംഗ്ലണ്ട് മികച്ച പ്രകടനം നടത്തി എന്നതാണ് സത്യം' സർഫ്രസ് വ്യക്തമാക്കി.
ബംഗാളി ക്രിക്കറ്റ് കളിക്കാരെ 'ബംഗാളി' എന്ന് പറഞ്ഞുകൊണ്ട് സംബോധന ചെയ്യുന്നതിനെതിരെയും സർഫ്രസ് രംഗത്തെത്തി.ആ വാക്ക് ദയവ് ചെയ്ത് ഉപയോഗിക്കരുതെന്നും അത് വിനയാകുമെന്നും അവരെ ബംഗ്ലാദേശ് എന്നുതന്നെ വിളിക്കാവുന്നതാണെന്നും സർഫ്രസ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. 'ബംഗാളി' എന്ന വാക്ക് വലിയ പ്രശ്നമാണ് സൃഷ്ടിക്കുക എന്നും സർഫ്രസ് ചൂണ്ടിക്കാട്ടി.