ജക്കാർത്ത: ഇന്തോനേഷ്യയിലെ മൊലൂക്കാ കടലിൽ ശക്തമായ ഭൂകമ്പം രേഖപ്പെടുത്തി. കടലിൽ ഭൂമിക്ക് 24 കിലോമീറ്റർ അടിയിലാണ് റിക്ടർ സ്കെയിലിൽ 6.9 എന്ന് ഭൂകമ്പം രേഖപ്പെടുത്തിയത്. ഭൂകമ്പത്തെ തുടർന്ന് സുനാമി ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്സ് ഏജൻസി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് പ്രദേശവാസികൾ വീടുകൾ വിട്ടുപോകാൻ ആരംഭിച്ചിട്ടുണ്ട്. കടൽത്തീരത്ത് താമസിക്കുന്നവരും മാറിത്താമസിക്കുവാൻ ആരംഭിച്ചു.
അമേരിക്കൻ ജിയോളജിക്കൽ സർവേ ആണ് ഭൂകമ്പത്തെ കുറിച്ചുള്ള വ്യക്തമായ വിവരം ഇന്തോനേഷ്യൻ സർക്കാരിന് കൈമാറിയത്. ഇൻഡോനേഷ്യയിലെ വടക്കൻ സുലവേസിക്കും വടക്കൻ മലൂക്കുവിനും ഇടയ്ക്കാണ് മൊലൂക്ക കടൽ സ്ഥിതി ചെയ്യുന്നത്. ഭൂകമ്പത്തെ തുടർന്ന് മരണമോ, നാശനഷ്ടങ്ങളോ ഉണ്ടായില്ലെങ്കിലും ഈ പ്രദേശങ്ങളിലും അടുത്തുള്ള ടെർണേറ്റ് സിറ്റിയിലും ശക്തമായ ഭൂചലനം അനുഭവപെട്ടു.
പസിഫിക് സമുദ്രത്തിലുള്ള 'റിംഗ് ഒഫ് ഫയർ' എന്ന ഭൂമീപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്ന രാജ്യമാണ്. 2004ൽ, റിക്ടർ സ്കെയിലിൽ 9.1 രേഖപ്പെടുത്തിയ, സുമാത്ര തീരത്തുണ്ടായ ഭൂകമ്പത്തിലും, തുടർന്ന് സംഭവിച്ച സുനാമിയിലും ഈ പ്രദേശത്ത് മരണപ്പെട്ടത് 2,20,000 മനുഷ്യരാണ്. ഈ സുനാമി കേരളത്തെയും ബാധിച്ചിരുന്നു. വൻ തോതിലുള്ള നാശനഷ്ടമാണ് 2004ൽ ഉണ്ടായ സുനാമിയിൽ കേരളത്തിലും, തമിഴ് നാട്ടിലും, ശ്രീലങ്കയിലുമായി ഉണ്ടായത്.