petrol

കൊച്ചി: പെട്രോൾ വില കാരണം നടുവൊടിയുന്ന അവസ്ഥയിലാണ് വാഹന ഉടമകൾ. അതിനിടയിലാണ് തട്ടിപ്പുമായി എറണാകുളത്തെ ഒരു പെട്രോൾ പമ്പ് ജീവനക്കാരൻ എത്തിയിരിക്കുന്നത്. എറണാകുളം കോതമംഗലത്തുള്ള ഒരു പെട്രോൾ പമ്പിലാണ് ഈ തട്ടിപ്പ് നടന്നത്. പെട്രോൾ അടിയ്ക്കാനായി എത്തിയ ആൾ 350 രൂപയ്ക്ക് വണ്ടിയിൽ പെട്രോളടിക്കാൻ ആവശ്യപ്പെട്ടു. ജീവനക്കാരൻ 300 രൂപയുടെ പെട്രോൾ അടിച്ച ശേഷം ബാക്കി പണത്തിനുള്ള പെട്രോൾ വെട്ടിച്ചു. എന്നാൽ ഇയാൾ അപ്പോൾ തന്നെ കൈയോടെ പിടിക്കപ്പെട്ടു.

വാഹനയുടമ ഇയാളുടെ കള്ളി വെളിച്ചത്ത് കൊണ്ടുവരുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. താൻ ചെയ്തത് തെറ്റാണെന്ന് അറിയാമെന്ന് പറഞ്ഞുകൊണ്ട് ഇയാൾ മാപ്പ് ചോദിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പെട്രോൾ അടയ്ക്കാനായി വരുന്ന എല്ലാ വാഹന ഉടമകളോടും ഇത്തരത്തിലുള്ള തട്ടിപ്പ് നടത്താറുണ്ടെന്നും ഇയാൾ സമ്മതിക്കുന്നു. വീഡിയോ വൈറലായതോടെ പെട്രോൾ പമ്പിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

പെട്രോൾ ഇന്ധന ടാങ്കിൽ വീഴാതെ ഇരിക്കുമ്പോഴും പമ്പിലെ മീറ്റർ ഓടിക്കുന്നതായി കാണിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. അനേകം ഉപഭോക്താക്കൾ ഇതിനോടകം തന്നെ ഈ കെണിയിൽ വീണുകഴിഞ്ഞു. ഓരോ വാഹന ഉടമയിൽ നിന്നുമായി വൻതോതിൽ ഇവർ ഇങ്ങനെ 'അടിച്ചു'മാറ്റിയിട്ടുണ്ടെന്നാണ് വിവരം. പമ്പ് ജീവനക്കാരൻ കുറ്റസമ്മതം നടത്തുന്ന വീഡിയോ ചുവടെ.