ഭോപ്പാൽ: പശുക്കളെ കടത്തിയെന്നാരോപിച്ച് 25 പേരെ മർദ്ദിച്ച ശേഷം ഒരു കയറിൽ കെട്ടി ആൾക്കൂട്ടം രണ്ട് കിലോ മീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിച്ചു. മദ്ധ്യപ്രദേശിലെ ഖൻഡ്വ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്രയിലേക്ക് പശുക്കളെ കടത്തിയെന്നാരോപിച്ചാണ് ആൾക്കൂട്ടം ഇവരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.
വടിയും ആയുധങ്ങളുമായി ആൾക്കൂട്ടം ഇവരെ നിലത്തിരുത്തി ജയ് ഗോമാതാ വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സുരക്ഷാ പ്രശ്നം മുൻനിറുത്തി വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് പൊലീസ് വിലക്കിയിട്ടുണ്ട്. ഖൽവാസ് പ്രദേശത്തെ സൻവലിഖേദ ഗ്രാമത്തിലാണ് സംഭവം. അനുമതിയില്ലാതെ പശുവിനെ കടത്തിയവർക്കെതിരെയും ഇവരെ മർദ്ദിക്കുകയും കെട്ടിയിടുകയും ചെയ്തവർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.