bjp

തിരുവനന്തപുരം: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായെ കാണാൺ ഒട്ടേറെ കോൺഗ്രസ് നേതാക്കൾ തനിക്കൊപ്പം വന്നിട്ടുണ്ടെന്നും അവരുടെ പട്ടിക പുറത്തു വിടുന്നില്ലെന്നും പി.എസ്. ശ്രീധരൻ പിള്ള. ഒരു അബ്ദുള്ളക്കുട്ടി മാത്രമല്ല, ഒട്ടേറെ അബ്ദുള്ളക്കുട്ടിമാർ കോൺഗ്രസിൽ നിന്ന്‌ ബി.ജെ.പി.യിലേക്കുവരുമെന്നും ബി.ജെ.പിയുടെ അംഗത്വപ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് അദ്ദേഹം പറഞ്ഞു.

എ.പി. അബ്ദുള്ളക്കുട്ടിക്കു പുറമേ, പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, നടൻ എം.ആർ. ഗോപകുമാർ, സംവിധായകൻ തുളസീദാസ്, കലാമണ്ഡലം സത്യഭാമ, പി.വി. നടരാജൻ എന്നിവരും ഒട്ടേറെ പ്രവർത്തകരും പാർട്ടിയംഗങ്ങളായി. ഇവരെ സംസ്ഥാന പ്രസിഡന്റ് സ്വീകരിച്ചു. ഇതേസമയത്തു തന്നെ മറ്റ് 13 ജില്ലകളിലും അംഗത്വപ്രചാരണത്തിന്റെ ഉദ്ഘാടനം നടന്നു.

ഒരു സീറ്റുപോലും കേരളത്തിൽ നേടാനായില്ലെന്ന ദുഃഖമുണ്ടെങ്കിലും ബി.ജെ.പി.ക്ക് ഇവിടെ ഭയാനകമായ മുന്നേറ്റമെന്നു സി.പി.എമ്മിനെക്കൊണ്ടു പറയിപ്പിക്കാനായത് വലിയ നേട്ടമാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. സി.പി.എമ്മും കോൺഗ്രസും പടിയടച്ച്‌ പിണ്ഡംവെച്ച്‌ പുറത്താക്കിയ തന്നെ ബി.ജെ.പി. സ്വീകരിച്ചത് വലിയ പുണ്യമാണെന്ന്‌ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.