ആർത്തവസമയത്ത് ചിലപ്പോഴൊക്കെ സാനിറ്ററി പാഡുകൾ സ്ത്രീകളുടെ കൈയിൽ കണ്ടെന്ന് വരില്ല. ഈ സമയത്ത് മിക്കവാറും തുണിയോ, നേർമ്മയുള്ള പേപ്പറോ മറ്റോ ആകും ആർത്തവ സ്രവങ്ങളെ തടയാനായി സ്ത്രീകൾ ഉപയോഗിക്കുക. എന്നാൽ ഇതുകൂടാതെ ടിഷ്യു പേപ്പറും ഇതിനായി ഉപയോഗിക്കുന്നവർ നിരവധിയാണ്. പെട്ടെന്നുള്ള അത്യാവശ്യത്തിനാണ് പല സ്ത്രീകളും ടിഷ്യു പേപ്പറിനെ ആശ്രയിക്കുക. സ്രവങ്ങൾ അധികം കഷ്ടപ്പെടാതെ തടയാൻ സാധിക്കും എന്നതാണ് ഇതിന്റെ ഗുണമായി സ്ത്രീകൾ കാണുന്നത്. ടിഷ്യു പേപ്പർ കട്ടിയായി അടുക്കി യോനിയ്ക്ക് മേൽ സ്ഥാപിച്ചാണ് ആർത്തവ രക്തത്തെ ഈ മാർഗത്തിലൂടെ തടയുന്നത്.
എളുപ്പമാണെകിലും ഈ മാർഗം ഒരിക്കലും പിന്തുടരാൻ പാടില്ല എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പലതരം ആരോഗ്യ പ്രശ്നനങ്ങളാണ് ടിഷ്യു പേപ്പറുകൾ സൃഷ്ടിക്കുക. പലവിധത്തിലുള്ള ടിഷ്യു പേപ്പറുകളാണ് ഇന്ന് വിപണിയിൽ നിലവിലുള്ളത്. ഇവയിലെല്ലാം വിവിധങ്ങളായ രാസവസ്തുക്കളും ഉണ്ട്. ഇത് കാരണമാണ് ഇവ ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നത്. ടിഷ്യു പേപ്പർ ഉപയോഗിക്കുന്നതിലൂടെ ഈ രാസവസ്തുക്കൾ ശരീരത്തിൽ എത്തുകയും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മാത്രമല്ല ഇവയിൽ അടർന്ന് വരുന്ന തരത്തിലുള്ള നേർത്ത പേപ്പർ നാരുകളാണ് ഉള്ളത്. ഇത് യോനിയിൽ തങ്ങി നിൽക്കുന്നത് കടുത്ത അണുബാധയ്ക്കുള്ള സാദ്ധ്യതയേറ്റും.
റീസൈക്കിൾ ചെയ്ത പേപ്പറിൽ നിന്നും മറ്റ് ഉത്പന്നങ്ങളിൽ നിന്നുമാണ് പലപ്പോഴും ടിഷ്യു പേപ്പർ ഉത്‌പാദിപ്പിക്കുക. ഇത് ഏറെ കാലം നീണ്ടുനിൽക്കുന്ന, പലപ്പോഴും ചികിത്സ ഫലപ്രദമാകാത്ത രോഗങ്ങളായ വന്ധ്യത, പെൽവിക്ക് ഇൻഫ്ളമേറ്ററി ഡിസീസ് എന്നിവ സ്ത്രീകളെ ബാധിക്കാൻ കാരണമാകും. മുഖത്തോ, കൈകാലുകളിലോ ഉള്ള ചർമം പോലെയല്ല സ്ത്രീയുടെ സ്വകാര്യ സ്ഥലത്തുള്ള ത്വക്. അത് ലോലവും മൃദുലവും ആണ്. ഒരിക്കലും മുഖവും മറ്റും തുടയ്ക്കാൻ ഉപയോഗിക്കുന്ന ടിഷ്യു പേപ്പർ അവിടെ പ്രയോഗിക്കരുത്. വളരെ ശ്രദ്ധയോട് കൂടി മാത്രമാണ് അവിടം കൈകാര്യം ചെയ്യേണ്ടത്. അതുകൊണ്ട് സ്ത്രീകൾ ഓർക്കുക. സ്രവങ്ങളെ തടയാൻ ഒട്ടും ഫലപ്രദമായ മാർഗമല്ല ടിഷ്യു പേപ്പർ. അതിന് ഒന്നുകിൽ പാഡോ, അല്ലെങ്കിൽ ഏറ്റവും ഫലപ്രദം എന്ന് തെളിയിക്കപ്പെട്ട മെൻസ്ട്രുവൽ കപ്പോ ഉപയോഗിക്കുക.