hamid-ansari

ന്യൂഡൽഹി: ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ പ്രവർത്തനങ്ങൾ തകർക്കാൻ അന്നത്തെ ഇറാനിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന മുൻ ഉപരാഷ്ട്രപതി വി.പി.ഹമീദ് അൻസാരി ശ്രമിച്ചുവെന്ന മുൻ ഉദ്യോഗസ്ഥന്റെ ആരോപണം പുതിയ വിവാദത്തിന് തിരികൊളുത്തി. ഇറാനിലെ റോയുടെ പ്രവർത്തനങ്ങൾ പരസ്യപ്പെടുത്താൻ ശ്രമിച്ചതിലൂടെ സംഘാംഗങ്ങളുടെ ജീവൻ തന്നെ അപകടത്തിലായി. തുടർച്ചയായ രണ്ട് തവണ ഹമീദ് അൻസാരിയെ ഉപരാഷ്ട്രപതിയായി നിയമിച്ചതിനെയും മുൻ റോ ഓഫീസറായ എൻ.കെ.സൂദ് ചോദ്യം ചെയ്യുന്നു. താൻ റോ ഏജന്റായി ഇറാനിൽ ജോലി ചെയ്യുമ്പോൾ ഹമീദ് അൻസാരി അവിടുത്തെ ഇന്ത്യൻ സ്ഥാനപതി ആയിരുന്നുവെന്നും ഏജൻസിയിൽ നിന്നും 2010ൽ വിരമിച്ച സൂദ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആരോപിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്കും കത്തയച്ചു.

കാശ്‌മീരിലെ ഭീകരപ്രവർത്തനങ്ങൾക്കായി യുവാക്കൾക്ക് ഇറാൻ സാമ്പത്തിക സഹായം നൽകുന്നുവെന്ന കാര്യം റോ നിരീക്ഷിച്ചിരുന്നു. ഇക്കാര്യം ഹമീദ് അൻസാരി ഇറാനോട് വെളിപ്പെടുത്തിയെന്നാണ് ആരോപണം. ഇത് ഇറാന്റെ രഹസ്യാന്വേഷണ ഏജൻസിയായ സാവക് പ്രയോജനപ്പെടുത്തി. ഇതോടെ ഇറാനിലെ റോ സംവിധാനം തകർന്നു. അവിടെയുണ്ടായിരുന്ന ഏജന്റുമാരുടെ ജീവൻ തന്നെ അപകടത്തിലാക്കാൻ ഇത് ഇടയാക്കി. ഇറാനിലെ റോയുടെ സംവിധാനങ്ങൾ അടച്ചുപൂട്ടണമെന്ന് പോലും ഹമീദ് അൻസാരി ആവശ്യപ്പെട്ടുവെന്നും കത്തിൽ ആരോപിക്കുന്നു.

ഇറാനിലെ ഇന്ത്യൻ എംബസിയിലെയും റോയിലെയും ഉദ്യോഗസ്ഥരെ സാവക് തട്ടിക്കൊണ്ട് പോയപ്പോൾ ഹാമിദ് അൻസാരി ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ഇന്റലിജൻസ് ബ്യൂറോ സെക്രട്ടറിയായിരുന്ന രത്തൻ സെയ്ർഗാളുമായി ചേർന്ന് അൻസാരി അന്നത്തെ റോയുടെ ഗൾഫ് യൂണിറ്റ് തകർത്തതായും പറയുന്നു. സെയ്‌ഗൾ പിന്നീട് സി.ഐ.യ്‌ക്ക് രഹസ്യ രേഖകൾ കൈമാറിയെങ്കിലും അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാതെ അമേരിക്കയിലേക്ക് കടക്കാൻ അനുവദിച്ചു. പിന്നീട് ഇദ്ദേഹം അമേരിക്കയിൽ സ്ഥിരതാമസമാക്കിയെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ സൂദ് ആരോപിച്ചു.

അതേസമയം, ഇക്കാര്യത്തിൽ ഹമീദ് അൻസാരി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1961ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന ഹമീദ് അൻസാരി ഇറാഖ്, മൊറോക്കോ, ബെൽജിയം, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യൻ കാര്യാലയങ്ങളിൽ ജോലി നോക്കിയിട്ടുണ്ട്. മാത്രമല്ല യു.എ.ഇ (1976-1980), ആസ്ടട്രേലിയ (1985 - 1989), അഫ്‌ഗാനിസ്ഥാൻ(1989-1990), ഇറാൻ (1990 - 1992), സൗദി അറേബ്യ (1995 - 1999) എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിയായും അദ്ദേഹം സേവനം അനുഷ്‌ടിച്ചു. 2007 മുതൽ 2017വരെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നു അദ്ദേഹം.