copa-america

റിയോ: കോപ്പ അമേരിക്ക കിരീടം ബ്രസീലിന്. ഫൈനലിൽ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ തോൽപിച്ചത്. കോപ്പ അമേരിക്കയിൽ ബ്രസീൽ നേടുന്ന ഒമ്പതാം കിരീടമാണിത്. 2007ന് ശേഷം ടീം നേടുന്ന ആദ്യ കിരീട നേട്ടവും. ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കിരീടം സ്വന്തമാക്കിയ ടീം എന്ന നേട്ടത്തിനും ബ്രസീൽ അർഹരായി. രണ്ടു തവണ കോപ്പ അമേരിക്ക കിരീടം നേടിയ ടീമാണ് പെറു. എവർട്ടൺ, ഗബ്രിയേൽ ജീസസ്, റിച്ചാർലിസൺ എന്നിവർ ബ്രസീൽ ടീമിനായി ഗോളുകൾ നേടി. പൗളോ ഗ്വെരേറോയാണ് പെറുവിനായി ആശ്വാസ ഗോൾ അടിച്ചത്. എഴുപതാം മിനിട്ടിൽ ജീസസ് ചുവപ്പ് കാർഡ് കണ്ട് നിന്ന് പുറത്തായി.

ഒന്നാം പകുതിയിൽ 2-1 എന്ന സ്കോറിൽ മുന്നിലായിരുന്നു ബ്രസീൽ. 44ാം മിനിട്ടിൽ നേടിയ പെനാൽറ്റിയിലൂടെ പൗളോ ഗ്വെരേറോ പെറുവിന് ലീഡ് സമ്മാനിച്ചു. തുടർന്ന് നടത്തിയ മുന്നേറ്റത്തിൽ ഗബ്രിയേൽ ജീസസിന്റെ ഗോളിൽ ബ്രസീൽ ലീഡ് തിരിച്ചു പിടിച്ചു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിട്ടിലാണ് ജീസസ് ലീഡ് നേടിയത്.

രണ്ടാം മഞ്ഞ കണ്ടതാണ് ബ്രസീലിയൻ ആക്രമണത്തിന്റെ നെടുന്തൂണായിരുന്ന ജീസസിന് പുറത്തേയ്ക്കുള്ള വഴി തെളിച്ചത്. തൊണ്ണൂറാം മിനിറ്റിൽ വീണുകിട്ടിയ പെനാൽറ്റി പിഴയ്ക്കാതെ വലയിലാക്കി പകരക്കാരൻ റിച്ചാർലിസൺ ബ്രസീലിന്റെ ജയം ഉറപ്പിച്ചു. പന്തുമായി പെറു ബോക്‌സിലേയ്‌ക്ക് ഊളിയിട്ടിറങ്ങിയ എവർട്ടണെ ഫൗൾ ചെയ്തതിന് കിട്ടിയ കിക്കാണ് 77-ാം മിനിറ്റിൽ ഫർമിന്യോയ്‌ക്ക് പകരം ഇറങ്ങിയ റിച്ചാർലിസൺ വലയിലാക്കിയത്. പന്ത്രണ്ട് വർഷത്തിനുശേഷമാണ് ബ്രസീൽ കോപ്പയിൽ ചാമ്പ്യന്മാരാകുന്നത്. 2007ലാണ് അവർ അവസാനമായി കിരീടം ചൂടിയത്.