അഹമ്മദാബാദ്: ഗുജറാത്തിൽ പശുക്കിടാവിനെ കശാപ്പ് ചെയ്തയാളെ രാജ്കോട്ട് കോടതി 10 വർഷം തടവിനു ശിക്ഷിച്ചു. 10 വർഷം തടവ് കൂടാതെ ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഗുജറാത്ത് മൃഗസംരക്ഷണ നിയമം കർശനവ്യവസ്ഥകളോടെ 2017ൽ ഭേദഗതി ചെയ്തതിനു ശേഷമുണ്ടായ ആദ്യവിധിയാണിത്. സലിം മക്രാനി എന്നയാൾ തന്റെ പശുക്കിടാവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്യുകയും മകളുടെ വിവാഹസൽക്കാരച്ചടങ്ങിന് ഉപയോഗിച്ചെന്നും കാട്ടി സത്താർ കോലിയ എന്നയാൾ പരാതി നൽകിയിരുന്നു.
സാക്ഷിമൊഴികളും ഫൊറൻസിക് റിപ്പോർട്ടും പരിഗണിച്ചാണ് അഡീഷനൽ ജില്ലാ ജഡ്ജി എച്ച്.കെ.ഡാവെയുടെ വിധി. കാലി കടത്തൽ, വിൽപന, ബീഫ് ശേഖരിച്ചു വയ്ക്കൽ എന്നിവയ്ക്ക് നേരത്തേയുണ്ടായിരുന്നത് മൂന്ന് വർഷത്തെ തടവു ശിക്ഷയായിരുന്നു. ഭേദഗതിയോടെ ഇത് ഏഴ് മുതൽ 10 വർഷം വരെയായി.
കഴിഞ്ഞ ദിവസം പശുക്കളെ കടത്തിയെന്നാരോപിച്ച് 25 പേരെ മർദ്ദിച്ച ശേഷം ഒരു കയറിൽ കെട്ടി ആൾക്കൂട്ടം രണ്ട് കിലോ മീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിച്ചിരുന്നു. മദ്ധ്യപ്രദേശിലെ ഖൻഡ്വ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്രയിലേക്ക് പശുക്കളെ കടത്തിയെന്നാരോപിച്ചാണ് ആൾക്കൂട്ടം ഇവരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.