പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചെങ്കിലും ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്‌സിഡി ഏർപ്പെടുത്തുമെന്ന കേന്ദ്രസർക്കാർ തീരുമാനം വാഹന വിപണിയിൽ വൻ മാറ്റങ്ങൾ സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തൽ. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ജി.എസ്.ടി 12 ശതമാനത്തിൽ നിന്നും അഞ്ചാക്കി കുറച്ചത് ഈശ്രേണിയിലെ വാഹനങ്ങളുടെ വില കുറയ്‌ക്കാനും ഇടയാക്കും. കൂടാതെ വാഹനം വാങ്ങാനായി എടുക്കുന്ന വായ്‌പയിൻമേൽ 1.5ലക്ഷം രൂപയുടെ ആദായ നികുതി ഇളവ് കൂടി അനുവദിക്കുമെന്ന പ്രഖ്യാപാനം കൂടുതൽ പേരെ ഈ രംഗത്തേക്ക് ആകർഷിക്കും. എന്നാൽ ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട മോഡലുകൾ നിലവിൽ വിപണിയിൽ ഇല്ലെന്നതാണ് സത്യം. മഹീന്ദ്രയുടെ ഇ2ഒയെന്ന കുഞ്ഞൻ കാർ നിലവിലുണ്ടെങ്കിലും വർഷം 3600 യൂണിറ്റുകൾ മാത്രമാണ് പുറത്തിറങ്ങുന്നത്. വേണ്ടത്ര ചാർജിംഗ് സ്‌റ്റേഷനുകൾ ഇല്ലാത്തതും ഇക്കാര്യത്തിലെ മാനദണ്ഡങ്ങളിലുള്ള ആശയക്കുഴപ്പവുമാണ് ഇലക്‌ട്രിക് വാഹനങ്ങളുടെ എൻട്രി വൈകിപ്പിച്ചത്. എന്നാൽ ലേറ്റായ് വന്താലും ലേറ്റസ്‌റ്റായി വരുമെന്ന സിനിമാ ഡയലോഗിനെ അനുസ്‌മരിപ്പിക്കുന്ന വിധം രാജ്യത്ത് മാസ് എൻട്രിക്കൊരുങ്ങുകയാണ് ഈ അത്ഭുതവണ്ടികൾ. വിവിധ കമ്പനികളിൽ നിന്നായി ഏഴ് മോഡലുകളാണ് ഉടൻ പുറത്തിറങ്ങുന്നത്.
1.മഹീന്ദ്ര ഇലക്ട്രിക് ഇ.കെ.യു.വി 100
മഹീന്ദ്രയുടെ എൻട്രി ലെവൽ എസ്.യു.വി ഹാച്ച് ബാക്കായ കെ.യു.വി 100ന്റെ ഇലക്ട്രിക് വെർഷൻ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതോടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഇ2ഒയെ വിപണിയിൽ നിന്ന് പിൻവലിക്കും. നിലവിൽ റോഡുകളിലുള്ള വേരിറ്റോയുടെ ഇലക്ട്രിക് വേർഷന്റെ ഇലക്ട്രിക് മോട്ടോറും ബാറ്ററിയുമായിരിക്കും കെ.യു.വി 100 കടമെടുക്കുക.എന്നാൽ ഇതിൽ ചില മാറ്റങ്ങൾ വരുത്തിയായിരിക്കും വാഹനം റോഡിലിറങ്ങുകയെന്നും മഹീന്ദ്ര ഇലക്ട്രിക് വ്യക്തമാക്കുന്നു.
വില പ്രതീക്ഷിക്കുന്നത് : 9 മുതൽ 10 ലക്ഷം വരെ
പെർഫോമൻസ്: 50 പി.എസ്/ 100 എൻ.എം
റേഞ്ച് : 150 കിലോമീറ്റർ
2.മാരുതി സുസുക്കി വാഗൺആർ ഇ.വി
മാരുതിയുടെ പ്രീമിയം ഷോറൂമായ നെക്‌സയിലൂടെ വിൽക്കാൻ ഉദ്ദേശിക്കുന്ന വാഗൺആർ ഇ.വി അടുത്ത വർഷം വിപണിയിലെത്തും. ജപ്പാൻ വിപണിയിലുള്ള സുസുക്കി വാഗൺആറിനെ ബേസ് അടിസ്ഥാനപ്പെടുത്തി രൂപീകരിച്ച വാഗൺആർ ഇ.വിയുടെ പരീക്ഷണയോട്ടം ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഒറ്റച്ചാർജിൽ 200 കിലോമീറ്റർ മാത്രം സഞ്ചരിക്കാൻ കഴിയുന്ന വാഹനത്തിന്റെ ബാറ്ററി കപ്പാസിറ്റി നിരാശപ്പെടുത്തുന്നതാണ്. ഇതിനെ മറികടക്കാൻ ഫാസ്‌റ്റ് ചാർജിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് മാരുതി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വില പ്രതീക്ഷിക്കുന്നത്: 7.5 മുതൽ 9 ലക്ഷം വരെ
പെർഫോമൻസ്: ലഭ്യമല്ല
റേഞ്ച്: 150 മുതൽ 200 കിലോമീറ്റർ വരെ
3.ടാറ്റ ആൾട്രോസ് ഇ.വി
ഉടൻ പുറത്തിറങ്ങാനിരിക്കുന്ന പ്രീമിയം ഹാച്ച് ബാക്ക് മോഡലായ ആൾട്രോസിന് പുറമെ ഇതിന്റെ ഇലക്ട്രിക് വെർഷനും ജെനീവയിലെ മോട്ടോർ ഷോയിൽ ടാറ്റ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ വാഹനത്തിന്റെ മറ്റ് വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
പ്രതീക്ഷിക്കുന്ന വില: 11 മുതൽ 13 ലക്ഷം വരെ
പെർഫോമൻസ്: ലഭ്യമല്ല
റേഞ്ച് (പ്രതീക്ഷിക്കുന്നത്): 220 മുതൽ 250 കിലോമീറ്റർ വരെ
4.എം.ജി ഇ.സി.എസ്
ഹെക്‌ടർ ഇറക്കി ഞെട്ടിച്ചതിന് പിന്നാലെ ഇന്ത്യൻ വാഹനവിപണിയിലേക്ക് മോറിസ് ഗ്യാരേജ് പുറത്തിറക്കുന്ന വാഹനമാണ് ഇ.സി.എസ്. ഒറ്റച്ചാർജിംഗിൽ 400 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയുന്ന ഈ വാഹനത്തിന്റെ വില 25 ലക്ഷത്തിന് അടുത്തായിരിക്കും. ഇതിന് പുറമെ വിവിധ മെട്രോ നഗരങ്ങളിൽ ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കുന്ന നടപടിയും കമ്പനി വേഗത്തിലാക്കിയിട്ടുണ്ട്. 30 മിനിറ്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 80 ശതമാനം ബാറ്ററി ചാർജ് ചെയ്യാൻ കഴിയുന്നവയാരിക്കും ഈ സ്‌റ്റേഷനുകൾ.
പ്രതീക്ഷിക്കുന്ന വില: 25 ലക്ഷം
പെർഫോമൻസ്: 150 പി.എസ്/ 350 എൻ.എം
റേഞ്ച്: 428 കിലോമീറ്റർ
5.ഹ്യൂണ്ടായ് കോന ഇ.വി
ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വാഹനം ഇറക്കുമെന്ന ഹ്യൂണ്ടായിയുടെ പ്രഖ്യാപനം വാഹന വിപണിയിൽ ഞെട്ടലുണ്ടാക്കിയിരുന്നു. ഐ ട്വന്റിയുടെയും ക്രെറ്റയുടെയും ഗുണങ്ങൾ ചേർന്ന കോന എന്ന വാഹനം അന്താരാഷ്ട്ര വിപണയിൽ നിന്നും 200 യൂണിറ്റുകൾ ഇന്ത്യയിലെത്തിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
പ്രതീക്ഷിക്കുന്ന വില:25 ലക്ഷം
പെർഫോമൻസ്: 136 പി.എസ് / 395 എൻ.എം
റേഞ്ച് 300 കിലോമീറ്റർ
6.നിസാൻ ലീഫ്
ഒറ്റച്ചാർജിൽ 400 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന അവകാശവാദത്തോടെ നിസാൻ പുറത്തിറക്കിയ പുത്തൻ മോഡലാണ് ലീഫ്. ആയാസകരമായ സിറ്റി ഡ്രൈംവിഗിന് വേണ്ടി പ്രത്യേകം നിർമിച്ചതാണ് ലീഫ്. അടുത്തിടെ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുള്ളിൽ സ്ഥാപിച്ച ചാർജിംഗ് സ്‌റ്റേഷനിലെത്തിയ ഈ വാഹനത്തെ വാഹന പ്രേമികൾ സ്‌പോട്ട് ചെയ്‌തിരുന്നു. 2019 അവസാനത്തോടെ വാഹനം നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതീക്ഷിക്കുന്നവില: 30 ലക്ഷം രൂപ
പെർഫോമൻസ്: 148 പി.എസ്/ 320 എൻ.എം
റേഞ്ച് : 400 കിലോമീറ്റർ
7. ഓഡി ഇ-ട്രോൺ
ഇന്ത്യയിലെ ആദ്യ ലക്ഷ്വറി എസ്.യു.വി എന്ന വിശേഷണത്തോടെ ഓഡി പുറത്തിറക്കിയ വാഹനമാണ് ഇ-ട്രോൺ. ഓഡിയുടെ പരമ്പരാഗത രൂപകൽപ്പന്നയോടെ പുറത്തിറക്കുന്ന വാഹനം അടുത്തിടെ ക്രാഷ് ടെസ്‌റ്റിൽ അഞ്ച് സ്‌റ്റാർ പോയിന്റ് നേടിയിരുന്നു. ഈ വർഷം അവസാനത്തോടെ വാഹനം വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കോടിയിൽ താഴെയായിരിക്കും വില.
പ്രതീക്ഷിക്കുന്ന വില: 95ലക്ഷം
പെർഫോമൻസ്: 360 പി.എസ്/ 561 എൻ.എം
റേഞ്ച്: 400 കിലോമീറ്റർ