human-sacrifice

ഉദൽപൂർ: മൂന്ന് വയസുകാരിയെ ബലികൊടുക്കാനുള്ള ശാസ്ത്ര അധ്യാപകന്റെയും കുടുംബത്തിന്റെയും ശ്രമം തടയാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അധ്യാപകന്റെ മകനായ പുലകേഷ് സഹാരിയയാണ് കൊല്ലപ്പെട്ടത്, സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആസാമിലെ ഉദൽപൂരിൽ ശനിയാഴ്ചയാണ് സംഭവം.

ശാസ്ത്ര ആധ്യാപകന്റെ ബന്ധുവിന്റെ മൂന്ന് വയസുകാരിയായ മകളെ ബലി കൊടുക്കാനായിരുന്നു കുടുംബത്തിന്റെ പദ്ധതി. വിവരമറിഞ്ഞ നാട്ടുകാരാണ് കുടംബത്തിലെ സ്ത്രീകളുൾപ്പെടെയുള്ളവർ നഗ്നരായി മന്ത്രം ഉരുവിടുന്നെന്നും കുട്ടിയെ കൊല്ലാൻ പോകുന്നെന്നും കാണിച്ച് പൊലീസിൽ പരാതി നൽകിയത്.

നീളമുള്ള വാളുപയോഗിച്ച് കുട്ടിയെ കഴുത്തറുത്ത് കൊല്ലാൻ മന്ത്രവാദി ശ്രമിക്കുന്ന സമയത്ത് നാട്ടുകാരും പൊലീസും ഇടപെടുകയായിരുന്നു. അതേസമയം കുടുംബാംഗങ്ങൾ വാളുകളും മറ്റും ഉപയോഗിച്ച് തിരിച്ച് ആക്രമണം നടത്തുകയായിരുന്നു. വീട്ടിലെ ഇരുചക്രവാഹനങ്ങളും കാറും ടിവിയുമൊക്കെ അവർ തീവച്ച് നശിപ്പിക്കുകയും ചെയ്തു.

കുടുംബം അക്രമാസക്തരായതുകൊണ്ടാണ് വെടിയുതിർത്തെതെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് വർഷം മുമ്പ് ഈ കുടുംബത്തിലെ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. അതിന് ശേഷം സ്ഥിരമായി ഇവിടെ മന്ത്രവാദം നടത്താറുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. പരിക്കേറ്റ അധ്യാപകനും മറ്റുള്ളവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ എട്ടുപേരെ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.