ലണ്ടൻ: 647 റൺസ് നേടിക്കഴിഞ്ഞ രോഹിത് ശർമ്മയാണ് ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന റൺ വേട്ടക്കാരൻ. ഒരു ലോകകപ്പിൽ നിന്നുമാത്രം അഞ്ച് സെഞ്ച്വറികൾ നേടി രോഹിത് റെക്കാഡ് സൃഷ്ടിച്ചു കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പിലെ കുമാർ സംഗക്കാരയുടെ റെക്കാഡാണ് രോഹിത് മറികടന്നത്. ആറ് ലോകകപ്പുകളിൽ നിന്ന് ആറ് സെഞ്ച്വറികൾ നേടിയിട്ടുള്ള സച്ചിന്റെ റെക്കാഡിനൊപ്പവും രോഹിത് എത്തി നിൽക്കുകയാണ്. എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ലോകകപ്പിൽ കുറിച്ചിട്ടുള്ള മറ്റ് രണ്ട് റെക്കോർഡുകൾ തകർക്കുന്നതിന്റെ അടുത്ത് നിൽക്കുകയാണ് രോഹിത്.
നാളെ ന്യൂസിലൻഡുമായി നടക്കുന്ന സെമി മത്സരത്തിൽ ഈ റെക്കോർഡ് ഇന്ത്യയുടെ ഹിറ്റ്മാൻ തകർക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. നിലവിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെടുത്ത റെക്കോർഡ് സച്ചിന്റെ പേരിലാണ്. 2003 ലോകകപ്പിൽ നേടിയ 673 റൺസായിരുന്നു അത്. നാളത്തെ മത്സരത്തിൽ രോഹിത് 27 റൺസ് നേടിയാൽ ആ റെക്കോർഡ് പഴങ്കഥയാകും. ഇതുവരെ എട്ട് ഇന്നിംഗ്സുകളിൽ 647 റൺസാണ് രോഹിത് ഈ ലോകകപ്പിൽ അടിച്ചുകൂട്ടിയത്. സെമിയിൽ ഇംഗ്ലണ്ടിനെ നേരിടുന്ന ആസ്‌ട്രേലിയയുടെ ഓപ്പണർ ഡേവിഡ് വാർണർക്ക് 638 റൺസുണ്ട്. സച്ചിനെ മറികടക്കാൻ 36 റൺസ് കൂടി മതി.
കൂടാതെ 507 റൺസുള്ള ആസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചും 500 റൺസുള്ള ഇംഗ്ലണ്ട് താരം ജോ റൂട്ടും സച്ചിന്റെ റെക്കോർഡ് മറികടക്കാനുള്ള ശ്രമത്തിലാണ്. ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി അടിച്ച റെക്കോർഡ് സച്ചിനും രോഹിത്തും പങ്കിടുകയാണിപ്പോൾ. ആറ് സെഞ്ചുറിയാണ് ഇരുവർക്കുമുള്ളത്. ഒരു സെഞ്ചുറി കൂടി നേടിയാൽ ഈ റെക്കോർഡ് രോഹിത്തിന്റെ മാത്രം പേരിലാകും.