ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മുൻ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെതിരെ വീണ്ടും പരാതികൾ. മരുമകളുടെ വജ്രാഭരണങ്ങൾക്ക് കാവൽ നിൽക്കാൻ നാല് പൊലീസുകാരെ നിയോഗിച്ചുവെന്നാണ് എസ്.പിക്കെതിരെയുള്ള പുതിയ ആരോപണം. പരാതിയിൽ ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മേയിലായിരുന്നു എസ്.പിയുടെ മകന്റെ വിവാഹം. വജ്രാഭരണങ്ങൾ മരുമകളുടെ വീട്ടിലെത്തിക്കുന്നത് മുതൽ വിവാഹ ദിനം വരെയാണ് ആഭരണങ്ങൾക്ക് നാല് പൊലീസുകാരെ കാവൽ നിർത്തിയത്. സ്‌പെഷ്യൽ ബ്രാഞ്ചിലെ ഒരു എ.എസ്.ഐയാണ് കാവലിനായി വനിത പൊലീസ് ഉൾപ്പെടടെയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയത്.
രാവും പകലും കാവൽ നിന്നതിന് പൊലീസുകാർക്ക് പരിതോഷികം ലഭിച്ചെന്നും റിപ്പോർട്ടുണ്ട്. എസ്‌പി മരുമകളുടെ ആഭരണങ്ങൾക്ക് കാവൽ നിർത്താൻ പൊലീസുകാരെ നിയോഗിച്ചത് സേനയെ ദുരുപയോഗം ചെയ്യലാണെന്ന് കാണിച്ച് ഇടുക്കിയിലെ ചില പൊലീസുകാരാണ് ഡി.ജി.പിയോട് പരാതിപ്പെട്ടത്. അതോടൊപ്പം ഇടുക്കിയിൽ വണ്ടിപ്പെരിയാറിൽ എസ്റ്റേറ്റ് ഉടമകളുടെ തർക്കത്തിൽ അനധികൃതമായി ഇടപെട്ടതിനും തോട്ടം ഉടമകളുടെ ഒരാളുടെ എസ്‌റ്റേറ്റിൽ താമസിച്ചതിനും എസ്പിക്കെതിരെ അന്വേഷണം നടത്തിയിരുന്നു.
കൂടാതെ നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ കൂടുതൽ വ്യക്തത വരുത്താൻ എസ്.പിയെയും ഡിവൈ.എസ്.പിയെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് നീക്കമുണ്ട്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത കാര്യം കീഴുദ്യോഗസ്ഥർ തന്നെ അറിയിച്ചില്ലെന്നാണ് തുടക്കം മുതൽ എസ്.പി പറഞ്ഞിരുന്നത്. പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റാണ് രാജ്കുമാർ മരിച്ചതെന്നും, കൃത്യനിർവഹണത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും എസ്.പി റിപ്പോർട്ടും നൽകി.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തത്.അതേസമയം, രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതു മുതൽ എല്ലാ വിവരങ്ങളും എസ്.പിയെ അറിയിച്ചിരുന്നതായി എസ്.ഐ സാബു അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. എസ്.പിയുടെ വാട്സ്ആപിലേക്ക് എസ്.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രാജ്കുമാറിന്റെ ചിത്രവും കേസ് വിവരങ്ങളും നൽകിയിരുന്നു.