troll-pak-leader

ലാഹോർ: സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങാൻ പാകിസ്ഥാനിലെ പ്രമുഖർ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. കഴിഞ്ഞ ദിവസം ചർച്ചയിൽ ആപ്പിൾ ഫോണിനെപ്പറ്റി പറഞ്ഞപ്പോൾ ആപ്പിൾ പഴമാണെന്ന് തെറ്റിദ്ധരിച്ച പാക് ചാനലിലെ അവതാരകയെ ട്രോളി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പാക്കിസ്ഥാൻ അവാമി തെഹ്‌രീക് പാർട്ടി ജനറൽ സെക്രട്ടറിയായ ഖുറാം നവാസിനാണ് സോഷ്യൽ മീഡിയയുടെ ട്രോൾ ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഇത്തവണ പക്ഷേ ചെറിയ കളിയല്ല കേട്ടോ. സംഭവം കുറച്ച് കടന്നുപോയി. ഒരു വീഡിയോ ഗെയിമിലെ വിമാനത്തിലെ നാരോ എസ്കേപ്പ് കണ്ട് യഥാർത്ഥ്യമാണെന്ന് തെറ്റിദ്ധരിച്ച് പൈലറ്റിനെ അഭിനന്ദനം കൊണ്ട് മൂടിയിരിക്കുകയാണ് നേതാവ്. ട്വിറ്ററിലൂടെയാണ് പൈലറ്റിനെ അഭിനന്ദിച്ച് നേതാവ് രംഗത്തെത്തിയത്. റൺവേയിലേക്കെത്തുന്ന വിമാനം ഓയിൽ ടാങ്കറുമയി കൂട്ടിമുട്ടുന്നതിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്.

ഈ വീഡിയോ പങ്കുവച്ചുകൊണ്ട് വലിയൊരു ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് വിമാനം രക്ഷപ്പെട്ടിരിക്കുന്നു. പൈലറ്റിന്റെ മനസാന്നിധ്യം കൊണ്ടാണ് അത് സാധ്യമായതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഗ്രാന്റ് തെഫ്റ്റ് ഓട്ടോ(GTA) എന്ന ആനിമേറ്റഡ് ഗെയിമിന്റെ വിഡിയോയായിരുന്നു അദ്ദേഹം പങ്കുവച്ചത്. വീഡിയോ ഒന്ന് സൂക്ഷിച്ച് നോക്കിയാൽ അത് യാഥാർത്ഥ്യമല്ലെന്ന് മനസിലാക്കാൻ സാധിക്കും. വളരെപ്പെട്ടെന്ന് തന്നെ നേതാവിന്റെ ട്വീറ്റ് വൈറലായി. നിരവധി പേരാണ് നവാസിനെ ട്രോളി രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.