ബംഗളൂരു: എം..എൽ.എമാരുടെ രാജിയോടെ പ്രതിസന്ധിയിലായ കർണാടകയിലെ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യസർക്കാരിനെ രക്ഷിക്കാൻ അവസാന അടവും പുറത്തെടുത്ത് കോൺഗ്രസ് നേതൃത്വം. സ്പീക്കർക്ക് രാജികത്ത് നൽകിയ വിമത എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം നൽകുന്നതിനായി മുഴുവൻ കോൺഗ്രസ് മന്ത്രിമാരും രാജിവച്ചു. മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി ഒഴികെയുള്ള ജെ.ഡി.എസ് മന്ത്രിമാരും ഉടൻ രാജിവയ്‌ക്കും. ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ വസതിയിൽ നടന്ന യോഗത്തിലാണ് മന്ത്രിമാർ രാജിവയ്‌ക്കാനുള്ള തീരുമാനമുണ്ടായത്. അധികാരമല്ല സർക്കാരിനെ സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, കർണാടകയിൽ സഖ്യസർക്കാരിനെ മറിച്ചിടാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് ലോക്‌സഭയിൽ കോൺഗ്രസ് ആരോപിച്ചു. വിഷയത്തിൽ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല. ചോദ്യോത്തരവേള കഴിഞ്ഞ് പ്രശ്‌നം ഉന്നയിക്കാമെന്ന് സ്പീക്കർ അറിയിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്‌സഭയിൽ പ്രതിഷേധിച്ചു. അതേസമയം, സഖ്യസർക്കാരിന് പിന്തുണ നൽകിയിരുന്ന സ്വതന്ത്ര എം.എൽ.എ എച്.നാഗേഷ് തന്റെ മന്ത്രിസ്ഥാനം രാജിവച്ചതോട് കൂടി കർണാടകത്തിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. കഴിഞ്ഞ ജനുവരിയിൽ സഖ്യസർക്കാറിനുള്ള പിന്തുണ പിൻവലിക്കുമെന്ന് എച്ച്. നാഗേഷും കെ.പി.ജെ.പി അംഗം ആർ. ശങ്കറും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ജൂണിൽ ഇരുവർക്കും മന്ത്രിസ്ഥാനങ്ങൾ നൽകി പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നു. ഇതിനിടയിലാണ് രാജി. എന്നാൽ, നാഗേഷിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ എം.എൽ.എമാരുടെ രാജി സ്പീക്കർ സ്വീകരിക്കില്ലെന്നാണ് സൂചന. ഇതിനെതിരെ എം.എൽ എ മാർക്ക് കോടതിയിൽ പോകാം.പക്ഷേ ഇതിലെ നിയമനടപടികൾ നീണ്ടുപോകാൻ ഇടയുണ്ട്. ഇതിനിടെ കൂടുതൽ കൂറുമാറ്റങ്ങളുണ്ടായാൽ നിയമസഭ പിരിച്ചുവിടാൻ മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഗവർണറോട് അഭ്യർത്ഥിക്കുകയും ചെയ്യാം. എന്നാൽ ഗവർണർക്ക് ഇത് തള്ളിക്കളഞ്ഞ് ബി.ജെ.പിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കാം. ഇക്കാര്യത്തിൽ ഗവർണർ എന്ത് നിലപാടെടുക്കുമെന്ന് കാത്തിരുന്ന് കാണ്ടേണ്ടതാണ്. സ്വതന്ത്ര എം.എൽ.എ കൂടി പിന്തുണ പിൻവലിച്ചതോടെ സർക്കാരിന് പിന്തുണ പിൻവലിച്ചെന്നും മുഖ്യമന്ത്രി കുമാരസ്വാമി രാജിവയ്‌ക്കണമെന്നും ബി.ജെ.പിയും ആവശ്യപ്പെട്ടിട്ടുണ്ട്.