ദുബായ്: സ്വർണത്തിന് കസ്റ്റംസ് ഡ്യൂട്ടിയിൽ രണ്ടര ശതമാനം വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര ബഡ്‌ജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു. ഇതോടെ ഇന്ത്യയിൽ സ്വർണവില വലിയ മാറ്റമാണ് സംഭവിക്കാൻ പോകുന്നത്. എന്നാൽ ഇന്ത്യയിലെ ഉപഭോക്താക്കളിൽ സ്വർണമെടുക്കുന്ന പ്രവണതയിൽ മാറ്റമുണ്ടാകുമെന്ന് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു,.
വരും കാലങ്ങളിൽ കല്യാണ ആവശ്യങ്ങൾക്കായി ദുബായിൽ വന്ന് സ്വർണമെടുക്കുന്ന പ്രവണത ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് സ്വർണ മേഖലയിലെ വിദഗ്ദർ പറയുന്നു. കേന്ദ്രബഡ്ജറ്റിൽ സ്വർണത്തിന് ഇറക്കുമതി ചുങ്കം 12.5 ശതമാനമായി ഉയരുന്നതോടെ ജി.സി.സി രാജ്യങ്ങളിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ഗ്രാമിന് ശരാശരി 400 രൂപയുടെ ലാഭമുണ്ടാകും.
ഇന്ത്യയിലെ ആഭ്യന്തര വിപണിയെ പ്രതികൂലമായി ബാധിക്കുന്ന അധിക നികുതി ഗൾഫ് രാജ്യങ്ങൾക്കും സിംഗപ്പൂർ, മലേഷ്യ പോലുള്ള രാജ്യങ്ങൾക്കും ഗുണകരമാണ്. സ്വർണാഭരണ നിർമാണം യന്ത്രവൽക്കരിക്കപ്പെട്ടതോടെ രാജ്യാന്തര ഡിസൈനുകളുടെ വൻ ശേഖരവും ഇവിടെയൊക്കെ ലഭ്യമാണ്.
സന്ദർശക വിസയിൽ വരുന്നവർക്ക് വാറ്റ് തുക മടക്കിക്കിട്ടുമെന്ന പ്രയോജനവും ഇതിലുണ്ട്. സ്വർണം നിക്ഷേപമായി കരുതുന്നവർക്കും ഇത് നല്ല സുവർണാവസരമാണ്.