തീർത്ഥാടകരുടെ ശരണമന്ത്രജപം ശബരിമലയിൽ ശബ്‌ദമലിനീകരണത്തിന് കാരണമാകുന്നുവെന്ന റിപ്പോർട്ടുമായി വനംവകുപ്പ് രംഗത്ത്. ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് കേന്ദ്രസർക്കാരിന് നൽകിയ റിപ്പോർട്ടിന്റെ 89ാം പേജിലാണ് തീർത്ഥാടനത്തിനെതിരായ പരാമർശമുള്ളത്. ശബരിമലയിൽ 50 ലക്ഷം തീർത്ഥാടകർ ഒരുവർഷം എത്തുന്നതിനാൽ പെരിയാർ സങ്കേതത്തിലെ ജൈവവൈവിധ്യം ഭീഷണി നേരിടുന്നുവെന്നും, വിറകുശേഖരണം, താത്കാലിക ഷെഡ് നിർമാണത്തിന് കമ്പുവെട്ടുന്നത്, പ്ലാസ്റ്റിക് മാലിന്യം തള്ളൽ എന്നിവയും വനത്തിന് ദോഷമുണ്ടാക്കുന്നതായി റിപ്പോർട്ടിലുണ്ട്. ശബരിമലയ്‌ക്കെതിരായ ഒരു റിപ്പോർട്ടും വനംവകുപ്പ് നൽകിയിട്ടില്ലെന്ന വനംമന്ത്രി കെ.രാജുവിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്.
സഞ്ചാരപാതകളിൽ തീകത്തിക്കുന്നത് പ്രശ്‌നമാണ്. വനത്തിലെ കുന്നുകളിലൂടെ നടക്കുന്നതിന് ഉണ്ടാക്കുന്ന താത്കാലിക പാതകൾ മണ്ണൊലിപ്പിന് കാരണമാകുന്നുവെന്നും റിപ്പോർട്ടിലുണ്ട്. വനത്തിൽ പ്രവർത്തിക്കുന്ന ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളാണ് ഇതൊക്കെ നിയന്ത്രിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
പമ്പാസന്നിധാനം റോപ്‌വേ അടക്കമുള്ള കാര്യങ്ങളിൽ വനംവകുപ്പും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കം നിലനിൽക്കുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. തീർത്ഥാടകർക്ക് അടിസ്ഥാനസൗകര്യമൊരുക്കാൻ വനംവകുപ്പ് തടസം നിൽക്കുന്നുവെന്നാണ് ബോർഡിന്റെ ആക്ഷേപം. സന്നിധാനത്ത് 60 ഏക്കറും പമ്പയിൽ 10 ഏക്കറും വനഭൂമിയാണ് വനംവകുപ്പ് ദേവസ്വം ബോർഡിന് പാട്ടത്തിന് നൽകിയിട്ടുള്ളത്.