മുടി കൊഴിച്ചിൽ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാർവാഴ. കറ്റാർവാഴ, മുട്ടയുടെ വെള്ള എന്നിവ ചേർത്ത് തലയിൽ പുരട്ടിയാൽ മുടി കൊഴിച്ചിൽ തടയാം. മുടിയ്ക്ക് ചേർന്ന നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ് കറ്റാർ വാഴ. രാസവസ്തുക്കൾ അടങ്ങിയിട്ടില്ലെന്നതു തന്നെ ഇതിന്റെ ഏറ്റവും വലിയ ഗുണം. കഷണ്ടി പോലുള്ള പ്രശ്നങ്ങൾ തടയാനും കറ്റാർവാഴ സഹായിക്കും. ഇതിന്റെ ജെൽ തലയോട്ടിയിൽ പുരട്ടുന്നത് മുടിവളർച്ചയെ സഹായിക്കുകയും ചെയ്യും.
മുടിയ്ക്ക് സ്വാഭാവിക ഈർപ്പം നൽകാനും ഇതുവഴി നാച്വറൽ മോയിസ്ചറൈസറായി പ്രവർത്തിക്കാനും കറ്റാർ വാഴയ്ക്ക് കഴിയും. താരനുള്ള നല്ലൊരു മരുന്നു കൂടിയാണ് കറ്റാർവാഴ. കറ്റാർവാഴ ജെൽ, തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ നല്ലതാണ്. തലയോട്ടിയിലുണ്ടാകുന്ന ചെറിയ കുരുക്കൾ മാറ്റാനും കറ്റാർവാഴ തേയ്ക്കുന്നത് നല്ലതാണ്. ചൂടുകാലത്ത് തലയ്ക്ക് തണുപ്പു നൽകാനും കറ്റാർ വാഴ ജെല്ല് തേക്കാം.
കറ്റാർവാഴ നീര്, തൈര്, മുൾട്ടാണിമിട്ടി എന്നിവ തുല്യ അളവിൽ യോജിപ്പിച്ച് തലയിൽ പുരട്ടി മുപ്പതു മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കും . കറ്റാർവാഴ ചേർത്ത് കാച്ചിയ എണ്ണ തലയിൽ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.