വർക്കല: ജില്ലയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് വർക്കല നഗരം. എന്നാൽ, വർക്കലയുടെ തീരദേശ ടൂറിസം സാദ്ധ്യതകൾക്ക് മങ്ങലേൽക്കുന്നതായാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. വർക്കല നഗരത്തിനെ സഞ്ചാരികളോടടുപ്പിച്ച പാപനാശം, കാപ്പിൽ, ഇടവ തീരങ്ങളിലെ ടൂറിസം സാദ്ധ്യതകളെയാണ് അധികൃതർ തൃണവത്കരിക്കുന്നത്. സഞ്ചാരികളെ അകറ്റുന്നതിന് ഇത് കാരണമായേക്കാമെന്നാണ് സമീപ വാസികൾ പറയുന്നത്.
ഇന്ത്യയിലെ മികച്ച കടൽത്തീര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാലാം സ്ഥാനമുള്ള പാപനാശത്ത് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും സഞ്ചാരികളുടെ സുരക്ഷയ്ക്കുമുള്ള പദ്ധതികൾ ഫലം കാണുന്നില്ല. പല പദ്ധതികളും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നതായി ആക്ഷേപം. ടോയ്ലറ്റുകളും കുടിവെള്ളവും ഇരിപ്പിട സൗകര്യവും ഇവിടെ അന്യമാണ്. വാഹനങ്ങളുടെ പാർക്കിംഗ് സംവിധാനവും തഥൈവ. തോട്ടിലൂടെയും മറ്റുമെത്തുന്ന മാലിന്യമാണ് മറ്റൊരു വില്ലൻ. ലൈഫ്ഗാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും നടപടിയില്ല. പത്തിൽ താഴെ ലൈഫ് ഗാർഡുകളാണ് ഇവിടെ ഡ്യൂട്ടി നോക്കുന്നത്.
പൊലീസ് എയ്ഡ് പോസ്റ്റ് ഇല്ലാത്തതും പ്രശ്നമാണ്. സുരക്ഷാ വീഴ്ചയാണ് മറ്റൊരു പ്രധാന പ്രശ്നം. ഹെലിപ്പാഡിലെ സുരക്ഷാ വേലിയും പാപനാശം കുന്നുകൾ ഇടിയുന്നതും പാപനാശത്തിന് ശാപമാകുന്നു. ഇത്തരം സുരക്ഷാ വീഴ്ചകളിൽ സഞ്ചാരികളും അതൃപ്തരാണ്.
പാപനാശത്ത് ലൈഫ്ഗാർഡുകളുടെയും പൊലീസുകാരുടെയും എണ്ണം വർദ്ധിപ്പിക്കുന്ന കാര്യം സർക്കാർ തലത്തിൽ ചർച്ച നടത്തി പരിഹരിക്കുമെന്നും പാപനാശം ബ്യൂട്ടിഫിക്കേഷൻ പദ്ധതി ഉടൻ ആരംഭിക്കുമെന്നും-
വി. ജോയി എം.എൽ.എ
കരുണ തേടുന്ന കാപ്പിൽ തീരം
വർക്കലയിലെ ഇടവ ഗ്രാമ പഞ്ചായത്തിലാണ് കാപ്പിൽ തീരം സ്ഥിതിചെയ്യുന്നത്. വർക്കലയുടെ ടൂറിസം സാദ്ധ്യതകളോട് കിടപിടിക്കത്തക്ക കായൽ - കടൽ സൗന്ദര്യം സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുകയാണ്. ദിവസവും നിരവധിപേരാണ് ഈ സൗന്ദര്യം നുകരാനെത്തുന്നത്. വർക്കലയുടെ ടൂറിസം സാദ്ധ്യതകളിലെ സുപ്രധാന കണ്ണിയാണ് കാപ്പിൽ തീരം.
വർക്കല നിന്നും ഏകദേശം 8 കി.മീ മാറിയാണു സ്ഥിതി ചെയ്യുന്നത്. കടലും കായലും സംഗമിക്കുന്ന അപൂർവ കാഴ്ച കാണാൻ സ്വദേശികളും വിദേശികളും ഇവിടെ ദിവസേന എത്തുന്നുണ്ട്. എന്നാൽ പൊലീസ് സ്റ്റേഷൻ ഇല്ലാത്തതാണ് ഈ തീരത്തിന്റെ ശാപം. വിശാലമായ തീരമായതിനാൽ തദ്ദേശീയരായ സഞ്ചാരികളും പ്രഭാത സവാരിക്കാരും ധാരാളം എത്താറുണ്ട്. ഇവിടം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യവും നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് കുടുംബസമേതം എത്തിയ സ്ത്രീയുടെ സ്വർണമാല കവർന്ന സംഭവവും ഉണ്ടായി.
കൂട്ടുകാരിയുമൊത്ത് കാപ്പിലിലെത്തിയ കൊല്ലം സ്വദേശിയായ യുവാവിനെ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തിയ ശേഷം യുവാവിന്റെ അഞ്ച് പവന്റെ മാല സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം കവർന്നു. മാനഹാനി ഭയന്ന് യുവാവ് പരാതിപോലും നൽകാതെ തടിതപ്പുകയായിരുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് കാപ്പിൽ തെക്കുംഭാഗം പ്രദേശത്ത് നടന്നു വരുന്നത്. ഡി.ടി.പി.സിയുടെ പ്രിയദർശിനി ബോട്ട് ക്ലബ് നവീകരിച്ച് കാര്യക്ഷമമാക്കിയതോടെ ഒഴിവ് വേളകളിൽ ബോട്ടിംഗിനായി സ്ത്രീകളടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്. പ്രകൃതി മനോഹരമായ കാപ്പിൽ കടൽതീരവും കായൽ പരപ്പുകളും സഞ്ചാരികളെ ആകർഷിക്കുമ്പോൾ സഞ്ചാരികൾക്ക് വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ ടൂറിസം വകുപ്പും ആഭ്യന്തര വകുപ്പും ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്.
കാപ്പിൽ തീരത്തിന് കടമ്പകളേറെ
സഞ്ചാരികളുടെ തിരക്ക്
മതിയായ സുരക്ഷയില്ല
സാമൂഹ്യ വിരുദ്ധരുടെ ശല്യം
അധികൃതർക്ക് അലംഭാവം
അവഗണനയുടെ നേർക്കാഴ്ച
നാശോന്മുഖമായ പാപനാശം
സുരക്ഷാ വീഴ്ചയ്ക്ക് സാദ്ധ്യത
മാലിന്യത്തിന്റെ പിടിയിലമർന്നു
പാപനാശം കുന്നുകൾ സംരക്ഷിക്കുന്നില്ല
ടൂറിസം സാദ്ധ്യതകൾ പരിഗണിക്കുന്നില്ല
2019 ജനുവരി മുതൽ മാർച്ച് വരെ കേരളത്തിലെത്തിയ സഞ്ചാരികൾ: 2,94,531
ആകെ കേരളം സന്ദർശിച്ച സഞ്ചാരികൾ: 46,12,397
കാപ്പിൽ തീരദേശ ടൂറിസം പദ്ധതി, വെറ്റക്കട കൊച്ചുകായൽ പദ്ധതി, കാപ്പിൽ ബോട്ട് ക്ലബിന് അനുബന്ധമായുള്ള ടൂറിസം വികസനപദ്ധതി എന്നിവയാണ് കാപ്പിലിനായി ആവിഷ്‌കരിച്ചത്. സീലൈഫ് ലിഷർ പാർക്കിന് കാപ്പിൽ തീരം അനുയോജ്യമെന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സാദ്ധ്യതാപഠനത്തിൽ കണ്ടെത്തിയെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല.
കാപ്പിൽ തീരദേശ ടൂറിസം പദ്ധതി
പദ്ധതി പ്രഖ്യാപിച്ചത്: 2007ൽ
ചെലവ് 2 കോടി
പദ്ധതി എങ്ങുമെത്തിയില്ല