പാട്ടെഴുത്ത് ഹരിനാരായണന് ഒരു നേരമ്പോക്കല്ല, ജീവിതവ്രതം തന്നെയാണ്. വളർന്നു വന്ന ചുറ്റുപാടും നാടുമൊക്കെ ഹരിയെ കൂടുതലായി സംഗീതത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ തിരക്കിട്ട ഗാനരചയിതാവായി ഹരിനാരായണന്റെ പേര് ഉയർന്നതിന് പിന്നിലും അതേ ഇഷ്ടം തന്നെയാണ്. പോയവർഷം മലയാളത്തിൽ ഇറങ്ങിയ പാട്ടുകളിൽ മുക്കാൽ പങ്കും പുറത്തിറങ്ങിയത് ഹരിയുടെ പേനതുമ്പിലൂടെയായിരുന്നു.
'' പാട്ടെഴുത്തുകാരനാവുന്നത് തികച്ചും യാദൃച്ഛികമായിട്ടാണ്. പെരുമ്പിലാവ് ടി.എം. ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കവിത എഴുതുന്നത്. ആ സമയത്ത് കേച്ചേരിയിൽ ഇ.പി. നാരായണ പിഷാരടിയുടെ ശിക്ഷണത്തിൽ മൃദംഗം അഭ്യസിച്ചിരുന്നു. മൃദംഗത്തിന്റെ ചൊൽ എഴുതുന്ന പുസ്തകത്തിൽ ഞാൻ എന്തോ കുത്തിക്കുറിച്ചു. പുസ്തകം തുറന്നപ്പോൾ ഇത് മാഷിന്റെ ശ്രദ്ധയിൽപ്പെട്ടു. അടി വീഴുമെന്ന് ഉറപ്പിച്ചു. സ്നേഹത്തോടെ ചെവിക്കു പിടിച്ച് സമീപം താമസിക്കുന്ന അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരനും കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഇ.പി. ഭരതപിഷാരടിയുടെ വീട്ടിലേക്ക് കൊണ്ടു പോയി.
യൂസഫലി കേച്ചേരി സാറിന്റെ ഗുരുവാണ് ഭരത പിഷാരടി മാഷ്. സംസ്കൃതത്തിൽ നല്ല പാണ്ഡിത്യമുണ്ട്. 'ഏട്ടാ, ഇയാള് എന്തൊക്കെയോ എഴുതിയിട്ടുണ്ട്. ഏട്ടന് നോക്കാവുന്നതാണെന്ന് തോന്നുന്നു."നാരായണ പിഷാരടി മാഷ് പറഞ്ഞു. 'പത്ര വാർത്തയാണോയെന്ന് " ഭരത പിഷാരടി മാഷ് ചോദിച്ചു. വൃത്തത്തെക്കുറിച്ചും കവിതയെക്കുറിച്ചും സംസാരിച്ചു. ഞാൻ കുത്തിക്കുറിച്ചത് അദ്ദേഹം തിരുത്തി. അത് ഒരു കവിതയായിരുന്നു. അദ്ദേഹം തന്നെ ഒരു മാസികയിൽ കൊടുത്തു. അതു പ്രസിദ്ധീകരിച്ചു. അതോടെ കവിത എഴുത്ത് ശക്തമായി. പിന്നീട് കവിത എഴുതുന്ന കുട്ടി എന്ന് അറിയപ്പെടാൻ തുടങ്ങി.""
സിനിമയും വിളിച്ചു
ചാലുശേരിക്കാരനായ സുഹൃത്ത് ഉണ്ണിനമ്പ്യാരുടെ 'പൊന്നുറുമ്മാൽ 'മാപ്പിള പാട്ട് ആൽബത്തിൽ പാട്ടൊഴുതാൻ യാദൃച്ഛികമായി വിളിച്ചു. നാലഞ്ചു പാട്ടുകൾ എഴുതി. ആ കൂട്ടുക്കെട്ടിൽ കുറെ ആൽബങ്ങളിൽ സഹകരിച്ചു. സുഹൃത്തും അന്ന് സഹസംവിധായകനുമായ ജയകുമാർ സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ സാറിന് പരിചയപ്പെടുത്തി. സാർ ട്യൂൺ തന്നു. അതനുസരിച്ച് പാട്ട് എഴുതി. സാറിന് ഇഷ്ടപ്പെട്ടു. 'ദ ത്രില്ലർ" സിനിമയിൽ നാലു പാട്ടുകൾ എഴുതിയാണ് തുടക്കം. ത്രില്ലർ മുതൽ ബി. ഉണ്ണിക്കൃഷ്ണൻ സാറിന്റെ എല്ലാ സിനിമയിലും ഞാൻ പാട്ടെഴുതി. ജയകുമാർ ഇപ്പോൾ സാറിനൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നു.
2010 ലാണ് ത്രില്ലറിലെ പാട്ടുകൾ എഴുതുന്നത്. 2013 അവസാനം മിസ്റ്റർ ഫ്രോഡിലെ പാട്ടുകൾ എഴുതാൻ ഉണ്ണിക്കൃഷ്ണൻസാർ എന്നെ സംഗീത സംവിധായകൻ ഗോപിസുന്ദറിന് പരിചയപ്പെടുത്തി. ഗോപിച്ചേട്ടനെ പരിചയപ്പെട്ടതാണ് കരിയറിലെ വഴിത്തിരിവ്. മിസ്റ്റർ ഫ്രോഡിനുശേഷം ഗോപിസുന്ദർ അദ്ദേഹത്തിന്റെ സിനിമകളിൽ അവസരം തന്നു. താരതമ്യേന പരിചയം കുറഞ്ഞ ആളെ പരീക്ഷിക്കാൻ അദ്ദേഹം മനസ് കാട്ടി. അങ്ങനെയാണ് 1983ലെ ഓലഞ്ഞാലി കുരുവിയും സലാല മൊബൈൽസിലെ ഈറൻ കാറ്റിൻ ഈണം പോലെയും ഉണ്ടാവുന്നത്.
മറ്റൊരു അവസരത്തിൽ പരിചയപ്പെട്ട ജൂഡ് അന്തോണി ജോസഫ് അപ്പോൾ വിളിച്ചു. യാദൃച്ഛികമായിരുന്നു ആ വിളിയും. സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിൽ പാട്ടെഴുതാനാണ് വിളിച്ചത്. ജൂഡിന്റെ ഒരു ആൽബത്തിൽ പാട്ടെഴുതിയിട്ടുണ്ട്. ഓം ശാന്തി ഓശാനയിൽ കാറ്റു മൂളിയോ പ്രണയം എഴുതി. 2014ൽ ഈ സിനിമകൾ വന്നതോടെയാണ് സജീവമാവുന്നത്.
എഴുത്ത് അതിരാവിലെ
പാട്ടുകൾ ശ്രദ്ധിക്കപ്പെടുന്നത് പാട്ടെഴുത്തുകാരന്റെ മാത്രം കഴിവ് കൊണ്ടല്ല. പാട്ടെഴുത്തുകാരൻ ഒരു പാട്ടിന്റെ ഭാഗമാവുകയാണ്. ഇപ്പോൾ സിനിമാ പാട്ടുകൾ ശ്രദ്ധിക്കപ്പെടുന്നതിൽ സംഗീത സംവിധായകനും സിറ്റുവേഷൻ പറഞ്ഞു തരുന്ന സംവിധായകനും തിരക്കഥാകൃത്തിനും പാട്ടുകാരനും പങ്കുണ്ട്. പാട്ട് കണ്ടോ എന്നു ചോദിക്കുന്ന കാലമാണിത്. അപ്പോൾ വിഷ്വലിനും ഏറെ പ്രാധാന്യമുണ്ട്. എല്ലാം കൂടി ചേരുമ്പോഴാണ് പാട്ട് ജനപ്രിയത കൈവരിക്കുന്നത്. പാട്ടിനെ ഹിറ്റാക്കുന്നത് വ്യൂസാണ്.അതു ചേരുമ്പോൾ അവിടെ കേൾവിയല്ല, കാഴ്ച തന്നെ സംഭവിക്കുന്നു. പാട്ടുകൾ ഹിറ്റാവുന്നത് സംഭവിക്കുന്നതാണ്. അതിൽ ഒരു ഘടകം മാത്രമാണ് പാട്ടെഴുത്തുകാരൻ.
കരിയറിൽ ഏറ്റവും കൂടുതൽ പാട്ടുകൾ ചെയ്തത് ഗോപിസുന്ദറിനൊപ്പമാണ്. പോയ വർഷം 42 സിനിമയിൽ പാട്ടെഴുതി. നൂറിനടുത്ത് പാട്ടുകൾ. ഞാൻ ജീവിക്കുന്ന ഭൂമികയുമായി ബന്ധപ്പെട്ടല്ല പാട്ടിലെ ഗ്രാമീണത. കഥയുടെ സിറ്റുവേഷൻ അനുസരിച്ച് അങ്ങനെ സംഭവിക്കുന്നു. എല്ലാ പാട്ടുകളും ആളുകൾ ശ്രദ്ധിക്കില്ല. എന്നാൽ ശ്രദ്ധിച്ച പാട്ടുകളിൽ ഗ്രാമീണതയുണ്ട്. എല്ലാവരും ഗ്രാമവും അതിന്റെ ജീവിത പരിസരവും ഇഷ്ടപ്പെടുന്നുണ്ട്. എന്റെ ജീവിത സാഹചര്യവും വായിച്ച കവിതകളും അതിലേക്ക് സ്വാധീനിച്ചിട്ടുണ്ടാവും. നാട്ടിലെ ക്ലബുകളിൽ സജീവമായി പ്രവർത്തിച്ചു. 'ബാലവേദി"യിലൂടെയാണ് തുടക്കം. കരിക്കാട് വിൻഷെയറിലും മഹാത്മ ക്ലബിലും സജീവ അംഗമായി ഇപ്പോഴും പ്രവർത്തിക്കുന്നു. പുലർച്ചെ മൂന്നിനും നാലിനുമൊക്കെ എഴുന്നേൽക്കാൻ മടിയില്ല.
ആ സമയത്താണ് എഴുത്ത്. പകൽ എഴുതാറുണ്ട്. രാത്രി പത്തരയ്ക്ക്ശേഷമുള്ള എഴുത്ത് ബുദ്ധിമുട്ടാണ്. സിനിമയിൽ സമയം ഒരു പ്രധാന ഘടകമാണ്. അങ്ങനെ വരുമ്പോൾ എഴുതി കൊടുക്കേണ്ട സാഹചര്യം ഉണ്ടാവുന്നു .'പുലിമുരുക"ന്റെ ട്യൂൺ ഗോപിച്ചേട്ടൻ ഫോണിലാണ് അയച്ചത്. ആ സമയത്ത് ഞാൻ 'കിസ്മത്ത് " സിനിമ ശോഭ മാളിൽ കാണുകയാണ്. വരികളിൽ എവിടെയെങ്കിലും 'മുരുകാ"എന്നൊരു പ്രയോഗം ഉണ്ടാവണം. അതു മാത്രമായിരുന്നു നിർദേശം. പാട്ട് എഴുതാൻ നോക്കിയിട്ട് നടക്കുന്നില്ല. അത്രയ്ക്ക് ബഹളമാണ് എല്ലായിടത്തും. ഒരു കെട്ടിടത്തിന്റെ മൂലയ്ക്ക് കയറി നിന്നാണ് മ്യൂസിക് കേട്ടത്. അവിടെത്തന്നെ നിന്ന് ഫോണിൽ നാലുവരി എഴുതി. അതാണ് പുലിമുരുകനിലെ ടൈറ്റിൽ സോങ്.
നാടിനോട് എന്നും പ്രണയം
പാട്ടെഴുത്ത് ഏറെ ആസ്വദിച്ചാണ് ചെയ്യുന്നത്. നാട്ടിൽ പൂരങ്ങൾ തുടങ്ങുമ്പോഴാണ് ഏറ്റവും സന്തോഷം തോന്നുക. ചുറ്റുവട്ടത്ത് ഒരുപാട് ചെറിയ ക്ഷേത്രങ്ങളുണ്ട്. അവിടെ ഒരു ദിവസത്തെ ഉത്സവത്തിനെ പൂരം എന്നാണ് വിളിക്കുക. പൂരത്തിലെ പഞ്ചവാദ്യവും മേളവും നന്നായി ആസ്വദിക്കും. അതൊക്കെ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. നാട് കണ്ട് കൊതിതീരാത്തതിനാലും മതിയാവാത്തതിനാലും ഞാൻ ഇവിടെത്തന്നെ കൂടുന്നു. യാത്രയിൽ ഒരു പുതിയ സ്ഥലം കാണുന്നതിനേക്കാൾ ഇഷ്ടം എനിക്ക് ഇതൊക്കെയാണ്.
പട്ടിമുറി എന്ന ഗ്രാമത്തിനുമുണ്ട് പ്രത്യേകത. പട്ടി എന്നാൽ തമിഴിൽ ഗ്രാമം എന്നാണ് അർത്ഥം. മുറി കഷണമാണ് ഞങ്ങളുടെ ഗ്രാമം. കുന്നംകുളത്തിനടുത്ത് എരുമപ്പെട്ടിയുണ്ട്. പട്ടിമുറിക്കാരനായാണ് ജീവിക്കുന്നത്. പാട്ട് കഴിഞ്ഞാൽ ഉടൻ വീട്ടിൽ പോവുന്ന ആളാണ്. ഒരു ദിവസത്തേക്ക് കൊച്ചിയിൽനിന്ന് വീട്ടിൽ വന്ന് പിറ്റേന്ന് തിരിച്ചുപോയിട്ടുണ്ട്. വീടിനോടും നാടിനോടും കൂടുതൽ ആഭിമുഖ്യം പുലർത്തുന്നു. വീട്ടിലിരുന്നാണ് പാട്ടെഴുത്ത് അധികവും.
വാട്സ് ആപ്പിൽ പാട്ട് അയയ്ക്കുന്ന കാലമാണ് ഇപ്പോൾ. പുരോഹിത വൃത്തി പാരമ്പര്യമായി കുടുംബത്തിനുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ വിവാഹത്തിന് മുഖ്യകാർമിത്വം വഹിച്ചു. അച്ഛൻ രാമൻ നമ്പൂതിരി പൊതുമരാമത്ത് കെട്ടിടം വിഭാഗത്തിൽ അസിസ്റ്റന്റ് എൻജിനിയറായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ചടങ്ങുകൾക്ക് അച്ഛൻ കൊണ്ടുപോവുമായിരുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലായിരുന്നു ഡിഗ്രി പഠനം. ആ സമയത്തൊക്കെ കാർമികനുമായിരുന്നു. ഡിഗ്രി കഴിഞ്ഞ് ജേർണലിസത്തിൽ പി.ജി ഡിപ്ളോമ. ഒരു സ്വകാര്യ സ്ഥാപനത്തിൽ കുറച്ചുനാൾ ജോലി ചെയ്യുകയും ചെയ്തു. പിന്നീട് നിറുത്തി.
ചാരുലതയുടെ അമൽ
പാട്ടെഴുത്തിനൊപ്പം അഭിനയ രംഗത്തും ഹരിനാരായണൻ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചാരുലത എന്ന മ്യൂസിക്കൽ ആൽബത്തിൽ ചാരുലതയായി നർത്തകി പാർവതി മേനോനും ഭൂപതിയായി ബിജിബാലും അമലായി ഹരിനാരായണും എത്തുന്നു. യൂട്യൂബിൽ അതിപ്പോഴും ഹിറ്റാണ്. ടാഗോറിന്റെ ചാരുലതയിലെ മൂന്ന് കഥാപാത്രങ്ങളുടെ പകർന്നാട്ടമാണത്. ആരംഭത്തിലും അവസാനത്തിലും ചെറു സംഭാഷണം. കൊൽക്കത്തയിലും കേരളത്തിലുമായിരുന്നു ചിത്രീകരണം. സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജില്ലിലും മുഖം കാട്ടുന്നുണ്ട്. 'അയ്യൻ"മ്യൂസിക്ക് ആൽബത്തിലും ബിജിബാലിനൊപ്പം അഭിനയിച്ചു.
ജീവാംശം തന്നെ സംഗീതം
മുതുകുളം രാഘവൻപിള്ള മുതൽ ഇതുവരെയുള്ള എല്ലാ പാട്ടെഴുത്തുകാരും സ്വാധീനിച്ചിട്ടുണ്ട്. ഞാൻ ആദ്യം കണ്ട പാട്ടെഴുത്തുകാരൻ റഫീക്കയാണ് ( റഫീക്ക് അഹമ്മദ്). ഞങ്ങൾ ഒരേ നാട്ടുകാരും ഒരേ സ്കൂളിൽ പഠിച്ചവരുമാണ്. പുതു തലമുറയിൽ എല്ലാവരുമായും നല്ല ബന്ധമുണ്ട്. റഫീക്ക, സന്തോഷേട്ടൻ, മനു, വിനായക്, ശരത്തേട്ടൻ, അജിത് ദാസൻ, അനിലേട്ടൻ എല്ലാവരും നല്ല പാട്ടുകൾ തന്നവരാണ്.
എന്നെ ഏറ്റവും സ്വാധീനിച്ച പാട്ടെഴുത്തുകാരൻ പി. ഭാസ്കരൻ മാഷാണ്. ലളിതമായ ശൈലിയായിരിക്കാം അദ്ദേഹത്തിന്റെ പാട്ടുകളെ ഇഷ്ടപ്പെടുത്തുന്നത്. ഞാൻ വളർന്നു വരുമ്പോൾ ഗിരീഷേട്ടന്റെയും കൈതപ്രം സാറിന്റെയും പാട്ടുകളായിരുന്നു. അതും സ്വാധീനിച്ചിട്ടുണ്ട്. വയലാറിന്റെയും ശ്രീകുമാരൻ തമ്പിസാറിന്റെയും ഒ.എൻ.വി സാറിന്റെയും പാട്ടുകൾ വലിയ തോതിൽ സ്വാധീനിച്ചു. സിറ്റുവേഷൻ അനുസരിച്ചാണ് അധികവും രചന നടത്തുക. ഖൽബിലെ തേനൊഴുകണ കോഴിക്കോട് ഒരു മണിക്കൂർ കൊണ്ടാണ് എഴുതിയത്. ഓലഞ്ഞാലിക്കുരുവി എഴുതാൻ രണ്ടു ദിവസം വേണ്ടി വന്നു. മിനുങ്ങും മിന്നാമിനുങ്ങും, ജീവാംശമായി എന്നീ പാട്ടുകൾ സമയമെടുത്താണ് എഴുതിയത്.
എനിക്ക് നാലു ചെറിയച്ഛൻമാരുണ്ട്. അവർക്ക് അത്യാവശ്യം നല്ല വായനയുണ്ട്. അവരുടെ സ്വാധീനത്തിൽ ചെറുപ്പത്തിൽത്തന്നെ അഞ്ഞൂറിലധികം അക്ഷര ശ്ളോകങ്ങൾ പഠിച്ചു. അക്ഷരങ്ങളോടും വാക്കിനോടും ഇഷ്ടം തോന്നി. കവിതകൾ വായിച്ചു. കൂട്ടു കുടുംബമായിരുന്നതിനാൽ എല്ലാവരും കൊണ്ടുവരുന്ന പുസ്തകങ്ങൾ കിട്ടും. സ്വയം തിരഞ്ഞെടുക്കുന്ന കവിതകൾ വായിച്ചു. അത് സ്കൂളിൽ അവതരിപ്പിച്ചു. അങ്ങനെ താളത്തോടും ഇഷ്ടം തോന്നി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃത പദ്യോച്ഛാരണത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. അമ്മയുടെ വീട്ടുകാർക്ക് പാട്ടിനോട് ബന്ധമുണ്ട്. അമ്മ ഭവാനി അന്തർജനം. സ്വപ്നയും ധന്യയും സഹോദരികൾ.
എന്നാണ് വിവാഹമെന്ന ചോദ്യത്തിന് ഉത്തരമിതായിരുന്നു, 'ഇന്ന വഴിയിലൂടെ പോവണമെന്ന് മുൻകൂട്ടി നിശ്ചയിച്ചില്ല. എന്നാൽ സിനിമയിൽ പാട്ടെഴുതണമെന്ന് ആഗ്രഹിച്ചു. ജൈവിക നാടകവേദിയുടെ സൃഷ്ടാവ് അകാലത്തിൽ വിട പറഞ്ഞ പാഞ്ഞാൾ തുപ്പേട്ടന്റെ നാടകമാണ് 'വന്നന്ത്യേ കാണാം". വന്നതുപോലെ കാണാം എന്ന് അർത്ഥം. ആ വാക്കുകൾ എന്റെ ജീവിതത്തിൽ അടയാളപ്പെടുത്തുന്നു. "