പിന്നിൽ പാഞ്ഞുവന്നുകൊണ്ടിരുന്ന ഇന്നോവകൾക്ക് ബ്രേക്കിടുവാനുള്ള സമയം കിട്ടിയില്ല.
ആദ്യത്തേത് ലോറിയുടെ ഡീസൽ ടാങ്കിനു നേർക്ക് ഇടിച്ചുകയറി. രണ്ടാമത്തെ ഇന്നോവ ആദ്യത്തേതിന്റെ പിന്നിലും...
ലോറി റോഡിൽ പകുതി തിരിഞ്ഞു. അത് വേഗത്തിൽ മുന്നോട്ടെടുക്കാനുള്ള പരുന്ത് റഷീദിന്റെ ശ്രമം പാളി...
പുറത്ത് ഡീസലിന്റെ അതിരൂക്ഷ ഗന്ധം!
ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിയെന്ന് അയാൾക്ക് ഉറപ്പായി.
''അണലീ... ചാടിക്കോടാ..."
പറഞ്ഞതും പരുന്ത് റഷീദ് പുറത്തേക്കു കുതിച്ചു. പിന്നാലെ അണലി അക്ബറും.
റോഡിൽ ഇരുവശത്തുനിന്നും വന്ന വാഹനങ്ങൾ അവിടെ ബ്രേക്കിട്ടു.
അവയ്ക്കിടയിലൂടെ പരുന്തും അണലിയും പാഞ്ഞുപോയി.
ഇന്നോവയിൽ വന്നവരും പുറത്തേക്കു കുതിച്ചിറങ്ങിയിരുന്നു...
അടുത്ത നിമിഷം...
ടിപ്പർ ലോറിക്കും അതിൽ വന്നിടിച്ച ഇന്നോവയിലേക്കും തീ പടർന്നു...
അതു ശ്രദ്ധിക്കാതെ എസ്.പി ഷാജഹാന്റെ ഒപ്പം വന്നവർ, എക്സ്യൂവി മറിഞ്ഞ പറമ്പിലേക്കു കുതിച്ചു.
കത്തുന്ന വാഹനങ്ങളുടെ വെളിച്ചത്തിൽ അവിടെ പകൽ പോലെ പ്രകാശമാനമായി.
ഇരുദിശകളിലൂടെയും അവയ്ക്ക് അരുകിലെത്തിയവർ അതിശീഘ്രം വാഹനങ്ങൾ റിവേഴ്സ് ഗിയറിൽ പിന്നോട്ടുകൊണ്ടുപോയി....
അനുനിമിഷം റോഡിൽ തീമല ഉയരുകയാണ്.
ഇതിനിടെ ഏറ്റവും പിന്നിലെ ഇന്നോവയിലേക്കും തീ പടർന്നു...
ഇന്നോവയിൽ വന്നവർ ഇതിനകം എക്സ് യൂവി മറിഞ്ഞ പറമ്പിൽ എത്തിയിരുന്നു...
ഒരുവശം ചരിഞ്ഞുകിടക്കുകയാണ് എക്സ് യൂവി.
രണ്ടുപേർ അതിന്റെ മുകളിലേക്കു പാഞ്ഞുകയറി.
ഡോറുകൾ വലിച്ചു തുറന്നു.
''സാർ...."
അവർ വിളിച്ചു.
അകത്തുനിന്ന് വിളികേട്ടു.
മറ്റുള്ളവരും സഹായിക്കാനെത്തി.
അവർ, എസ്.പിയെയും സി.ഐയെയും ഡ്രൈവറെയും പുറത്തിറക്കി.
വിശ്വസിക്കാൻ കഴിഞ്ഞില്ല...
അത്രയും തവണ കാർ ഉരുണ്ടുമറിഞ്ഞിട്ടും അവർക്ക് കാര്യമായ കുഴപ്പമില്ലായിരുന്നു!
ശരീരത്തിൽ അങ്ങിങ്ങ് ചോര പൊടിയുന്നുണ്ട് എന്നതൊഴികെ!
''പിന്നിലായിരുന്നെങ്കിലും ഞങ്ങൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു... പിന്നെ എയർബാഗും രക്ഷിച്ചു..."
എസ്.പി പറഞ്ഞു.
''ഇത് ഒരു പ്ളാന്റ് അറ്റാക്കായിരുന്നു..."
പെട്ടെന്ന് അലിയാർ പറഞ്ഞു.
എസ്.പി അത്ഭുതത്തോടെ അയാളെ നോക്കി.
ഒപ്പം ഫയർ സ്റ്റേഷനിലേക്കു വിളിച്ചു.
നിലമ്പൂരിൽ നിന്ന് ഫയർ വാഗണുകൾ അലറിപ്പാഞ്ഞെത്തി.
മൂന്നു വാഹനങ്ങൾ തീമല ആയതു കാരണം റോഡ് സൈഡിൽ നിന്നിരുന്ന തേക്കുമരങ്ങളിലേക്കു പോലും തീ വ്യാപിച്ചിരുന്നു...
നാലു ഫയർ വാഗണുകളുടെ ഒന്നിച്ചുള്ള പ്രയത്നം കാരണം വളരെ വേഗത്തിൽ തീ അണഞ്ഞു.
എന്നിട്ടും അവയിൽ നിന്ന് പുക ഉയർന്നുകൊണ്ടിരുന്നു.
പെട്ടെന്ന് പോലീസിന്റെ ഒരു ബൊലേറോ കുതിച്ചെത്തി. അതിൽ നിന്ന് സി.ഐ ഋഷികേശും എസ്.ഐ കാർത്തിക്കും അടങ്ങുന്നവർ
ചാടിയിറങ്ങി.
ഷാജഹാനും അലിയാരും റോഡിൽ കയറിയിരുന്നു.
''സാർ..." ഋഷികേശ്, ഷാജഹാനു മുന്നിൽ അറ്റൻഷനായി.
''ഹോസ്പിറ്റലിൽ പോകാം."
''വേണ്ടാ." ഷാജഹാൻ പറഞ്ഞു.
''പിന്നെ തനിക്കു കഴിയുമെങ്കിൽ ഈ ടിപ്പർ ലോറിയിൽ ഉണ്ടായിരുന്നവരെയും ഇതിന്റെ ഉടമയേയും കണ്ടെത്ത്. കാരണം ഇതൊരു ക്വട്ടേഷൻ വർക്കായിരുന്നു."
ഋഷികേശ് ഉള്ളിൽ നടുങ്ങി. പക്ഷേ അത് പുറത്തു പ്രകടിപ്പിച്ചില്ല.
അപ്പോൾ അലിയാർ പറഞ്ഞു.
''ഋഷികേശേ.. നീ ഒന്നും കണ്ടുപിടിക്കില്ലെന്ന് എനിക്കറിയാം. കാരണം എം.എൽ.എ ശ്രീനിവാസ കിടാവിന്റെ അലക്കുകാരനാണല്ലോ നീയ്?"
''അലിയാർ... മൈൻഡ് യുവർ വേഡ്സ്."
ഋഷികേശിന്റെ മുഖം ചുവന്നു.
''ഡേയ്...." അലിയാർ ഒരടി മുന്നോട്ടുനീങ്ങി. ''നീ എന്താ കരുതിയത്? ബാക്കിയുള്ളവർ വെറും മണ്ടന്മാരാണെന്നോ? ഇന്നലെ മുതൽ നിലമ്പൂർ സ്റ്റേഷനിലെ പോലീസുകാരൻ സഹദേവൻ, വാഴക്കുളം അപ്പുണ്ണി വൈദ്യരുടെ തറവാടിനു പുറത്ത് സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നത് ഞാൻ അറിയില്ലെന്നു കരുതിയോ?"
തന്റെ നെറ്റിയിൽ പൊടിച്ചുവന്ന ചോര അലിയാർ കൈലേസു കൊണ്ട് ഒപ്പി.
''അലിയാർ തുടർന്നു:
''അയാൾ അവിടുത്തെ വിവരങ്ങൾ അപ്പപ്പോൾ നിന്നെ അറിയിക്കുമെന്നും നീ അത് കിടാവ് എന്ന ഭൂലോക ഫ്രാഡിന് കൈമാറുമെന്നും ചിന്തിക്കാൻ വല്യ ബുദ്ധിയൊന്നും വേണ്ടാ. അതിന്റെ പ്രതിഫലനമാ ഈ കണ്ടത്..."
ആകെ തളർച്ച തോന്നി ഋഷികേശിന്.
അപ്പോൾ എസ്.പി നിർദ്ദേശിച്ചു.
''അങ്ങനെയെങ്കിൽ നീ അന്വേഷിക്കണ്ട ഋഷികേശേ.. കുറ്റവാളികളെ ഞങ്ങൾ തന്നെ പൊക്കിക്കോളാം. അത് എം.എൽ.എ ആയാലും സർക്കിൾ ഇൻസ്പെക്ടറായാലും..."
മറുപടി പറയുവാൻ വാക്കുകൾ കിട്ടിയില്ല ഋഷികേശിന്.
അപ്പോൾ ഒരു മിനിബസ്സ് അവിടെ വന്നുനിന്നു.
എസ്.പി ഷാജഹാനും സി.ഐ അലിയാരും ഒപ്പം വന്നവരും അതിൽ കയറി.
മിനിബസ്സ് മുന്നോട്ടു നീങ്ങുമ്പോൾ ഇനി എന്ത് എന്ന ഭാവത്തിൽ നിന്നു ഋഷികേശ് എന്ന സർക്കിൾ ഇൻസ്പെക്ടർ..!
(തുടരും)