hindu-mahasabha

ന്യൂഡൽഹി: മുസ്‌ലിം സ്ത്രീകളെ പള്ളികളിൽ പ്രാർത്ഥനയ്‌ക്ക് പ്രവേശിപ്പിക്കണമെന്ന ഹിന്ദു മഹാസഭ കേരള ഘടകത്തിന്റെ പ്രസിഡന്റ് നൽകിയ പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയി ജസ്‌റ്റിസുമാരായ ദീപക് ഗുപ്‌ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിക്കാരന്റെ ഉദ്ദേശശുദ്ധിയിൽ സംശയം പ്രകടിപ്പിച്ച കോടതി ഒരു മുസ്‌ലിം സ്ത്രീ ഇക്കാര്യവുമായി സമീപിച്ചാൽ ഹർജി പരിഗണിക്കാമെന്നും ഉറപ്പ് നൽകി.

അഖില ഭാരത ഹിന്ദുമഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹരജി നൽകിയത്. നേരത്തെ ഇത് സംബന്ധിച്ച ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരസിച്ചിരുന്നു. തുടർന്നാണ് ഹർജിക്കാർ സുപ്രീം കോടതിയിലെത്തിയത്. നേരത്തെ മുസ്‌ലിം സ്ത്രീകൾ മുഖം മറയ്‌ക്കുന്നത് നിരോധിക്കണമെന്നും ഇവർ‌ ആവശ്യപ്പെട്ടിരുന്നു. അതേസമയം, മുസ്‌ലിം പള്ളികളിൽ സ്ത്രീകൾക്കും ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. മഹാരാഷ്ട്രാ സ്വദേശികളായ മുസ്‌ലിം ദമ്പതികൾ നൽകിയ ഹർജിയിൽ ജസ്‌റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്‌റ്റിസ് അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിരുന്നു. ശബരിമല കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ മാത്രമാണ് ഈ ഹർജി കേൾക്കാൻ തീരുമാനിക്കുന്നതെന്നും അന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്‌