രാജ്യത്തെ ഏറ്റവും ജനോപകാരപ്രദമായ സർക്കാർ ഇടപെടലുകളിൽ ഒന്നാണ് തൊഴിലുറപ്പു പദ്ധതി. ആ പദ്ധതിക്ക് കഴിഞ്ഞ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കേന്ദ്ര ഗവൺമെന്റ് അനുവദിച്ചത് 61,084 കോടി രൂപയായിരുന്നു. രണ്ടാം എൻ.ഡി.എ സർക്കാർ ഇത്തവണത്തെ ബഡ്ജറ്റിൽ അറുപതിനായിരം കോടി രൂപയാണ് തൊഴിലുറപ്പു പദ്ധതിക്ക് നീക്കിവെച്ചത്. 1,084 കോടി രൂപ വെട്ടിക്കുറച്ചു. നൂറുദിവസത്തെ തൊഴിൽ കൊടുക്കാനുള്ളതാണ് പദ്ധതിയെങ്കിലും ഇതുവരെ ശരാശരി ഒരാൾക്ക് 46 ദിവസത്തെ തൊഴിൽ മാത്രമാണ് കൊടുത്തിട്ടുള്ളത്. അതിൽത്തന്നെ ഇത്രയും വലിയ വെട്ടിക്കുറവ് വരുത്തിയതിൽ നിന്നും ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ആദ്യ ബഡ്ജറ്റിന്റെ സമീപനം വ്യക്തമാകുന്നു.
ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെയോ രാജ്യത്തിന്റെ ആവശ്യങ്ങളെയോ അഭിസംബോധന ചെയ്യുന്നതല്ല 2019-20 ലെ കേന്ദ്ര ബഡ്ജറ്റ്. എല്ലാ മേഖലകളിലും കേരളത്തോട് കടുത്ത അവഗണയാണ് ബഡ്ജറ്റിൽ പ്രകടമാകുന്നത്. കേരളവുമായി ബന്ധപ്പെട്ട ചില മേഖലകളിലെ കണക്കുകൾ നോക്കിയാൽ അത് വ്യക്തമാകും.
നമ്മുടെ പരമ്പരാഗത വ്യവസായ മേഖലയായ കയർരംഗത്ത്, കയർ ബോർഡിന് വേണ്ടി കഴിഞ്ഞ സാമ്പത്തിക വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മൂന്നുകോടി രൂപ ഉണ്ടായിരുന്നുവെങ്കിൽ ഈ ബഡ്ജറ്റിൽ അത് ഒരു കോടിയാണ്. ദേശീയ ബാംബൂ മിഷന്റെ വിഹിതം 300കോടിയിൽ നിന്ന് 150 കോടിയാക്കി ചുരുക്കി.
റബർ ബോർഡിന് കഴിഞ്ഞ വർഷം 172.22 കോടി ഉണ്ടായിരുന്നത് 170 കോടിയാക്കി. കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗൺസിലിനു 2018-19 ബഡ്ജറ്റ് അടങ്കൽ നാല് കോടിയായിരുന്നു. ഇത്തവണ അത് ഒരു കോടി രൂപ മാത്രമാണ്.
പ്രളയം കൊടിയ ദുരന്തം വിതച്ച സംസ്ഥാനമാണ് കേരളം. സംസ്ഥാനങ്ങൾക്കുള്ള വായ്പാ പരിധിയ്ക്കു പുറത്തുനിന്ന് പ്രളയ പുനർനിർമ്മാണത്തിന് വായ്പയെടുക്കാൻ അനുവദിക്കുക എന്നത് കേരളം കേന്ദ്രത്തിനു മുന്നിൽവച്ച സുപ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. അത് അനുവദിച്ചില്ലെന്ന് മാത്രമല്ല, കേരളത്തിന്റെ പുനരുജ്ജീവനത്തിനു ആവശ്യമായ സഹായങ്ങളോടാകെ മുഖം തിരിച്ചു. പ്രകൃതിദുരന്തം നേരിടുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ വായ്പയെടുക്കാൻ അനുമതി നൽകണമെന്ന സുശീൽകുമാർ മോദി സമിതിയുടെ നിർദേശം പോലും കേരളത്തിന്റെ കാര്യത്തിൽ പരിഗണിക്കപ്പെട്ടില്ല.
റബർ കർഷകർക്കുവേണ്ടി കേരളം സഹായം ആവശ്യപ്പെട്ടിരുന്നു. റബറിന്റെ മിനിമം താങ്ങുവില 200 രൂപയാക്കുന്നത് ഇവിടുത്തെ കർഷകരുടെ നിലനിൽപ്പിനു തന്നെ പ്രധാനമാണ്. അതിന് കേന്ദ്രസർക്കാരിന്റെ ബഡ്ജറ്റ് പിന്തുണ ആവശ്യപ്പെട്ടത് നിരസിക്കുക മാത്രമല്ല, റബർ കർഷകരെ ആശ്വസിപ്പിക്കാനുള്ള ചെറിയ നടപടി പോലും ഉണ്ടായില്ല. റബർ ബോർഡിനുള്ള വിഹിതം കുറച്ചത് അതിനുദാഹരണമാണ്. നാളികേര ബോർഡ്, സ്പൈസസ് ബോർഡ് എന്നിവയ്ക്കും സഹായമില്ല. ടീ ബോർഡിനുള്ള ബഡ്ജറ്റ് വിഹിതം കഴിഞ്ഞ വർഷം 160.2 കോടി ആയിരുന്നത് ഇത്തവണ 150 കോടി മാത്രമാണ്.
ഉദാരവത്കരണ - ആഗോളവത്കരണ നയങ്ങളെ കൂടുതൽ തീവ്രമായി മുമ്പോട്ടു കൊണ്ടുപോകുന്ന ബഡ്ജറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് ഒരു ലക്ഷത്തി അയ്യായിരം കോടി രൂപ ഒരു വർഷം കൊണ്ടു സമാഹരിക്കാൻ പദ്ധതിയിട്ടിരിക്കുന്നു. രാജ്യത്തെ കോർപ്പറേറ്റുകൾക്കു വേണ്ടി അനേകം പദ്ധതികൾ ബഡ്ജറ്റിൽ ഉള്ളപ്പോഴാണ് അന്നന്നത്തെ അന്നത്തിന് പ്രയാസപ്പെടുന്ന തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെ ദ്രോഹിക്കുന്ന നിലപാടെടുത്തത്. കാർഷികമേഖലയെ പരിപൂർണമായി അവഗണിക്കുന്നതാണ് ബഡ്ജറ്റ്. കാർഷികോത്പന്നങ്ങൾക്കുള്ള വിപണി പ്രോത്സാഹനമോ കാർഷിക കടാശ്വാസമോ ഉത്പന്നങ്ങളുടെ താങ്ങുവിലയോ ബഡ്ജറ്റിന്റെ ശ്രദ്ധയിൽ വന്നിട്ടില്ല. പെട്രോൾ, ഡീസൽ വില വർദ്ധനയിലൂടെ വൻ വിലക്കയറ്റത്തിന് തീകൊളുത്തുന്ന ബഡ്ജറ്റ് സാമൂഹ്യസുരക്ഷാ പദ്ധതികളെ അവഗണിക്കുന്നു.
പൊതുമേഖലയുടെ ഓഹരിവില്പന പോലെ സാമൂഹ്യസുരക്ഷാ പദ്ധതികളെ വാണിജ്യവത്കരിക്കാനുള്ളതാണ് സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്ന സങ്കൽപം. സംസ്ഥാനങ്ങൾക്ക് പ്രതികൂലമാണ് ബഡ്ജറ്റിലെ പൊതുസമീപനം. കേന്ദ്രവരുമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനുള്ള ഫെഡറൽ കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നു. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനും ശ്രമിക്കുന്നു. കേരളം അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ഏറെനാളായി ശ്രമിക്കുകയാണ്. നമ്മുടെ മഹത്തായ ചികിത്സാ പാരമ്പര്യത്തിന്റെയും തനതായ ഔഷധങ്ങളുടെയും സംരക്ഷണവും പ്രചാരണവും ലക്ഷ്യമിടുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു പൈസ പോലും നീക്കിവെയ്ക്കാനുള്ള സന്മനസ് ബഡ്ജറ്റിലുണ്ടായില്ല. എയിംസ് എന്നത് കേരളത്തിന്റെ എക്കാലത്തെയും ആവശ്യമാണ്. എയിംസിന് തുല്യമായി ഒരു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാതിരുന്നപ്പോഴാണ് കോഴിക്കോട്ട് അതിനായി ഇരുന്നൂറ് ഏക്കർ സ്ഥലം ഏറ്റെടുത്തു നൽകാമെന്ന് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തത്. അത്തരമൊരു സന്നദ്ധത കേരളം പ്രകടിപ്പിച്ചിട്ടും അവഗണനയാണ് കേന്ദ്രത്തിന്റെ മറുപടി. ബഡ്ജറ്റിൽ അക്കാര്യത്തെക്കുറിച്ച് മിണ്ടുന്നതേയില്ല.
കേരളത്തിന്റെ ഗതാഗതപ്രശ്നം പരിഹരിക്കാനുള്ള ബദൽ മാർഗങ്ങളിലൊന്ന് ജലപാതകളാണ്. ദേശീയ ജലപാതയുടേത് ഉൾപ്പെടെയുള്ള ജോലികൾ നടക്കുന്നുണ്ട്. ജലജീവൻ മിഷൻ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രം കേരളത്തിലെ ഉൾനാടൻ ജലപാതകളുടെ നവീകരണത്തിനും കാര്യക്ഷമമാക്കലിനും ഒരു സഹായവും ചെയ്യുന്നില്ല. വെസ്റ്റ്കോസ്റ്റ് ജലപാത ഈ ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവർത്തിച്ച് ആവശ്യപ്പെട്ടതാണ്. അതും പരിഗണിച്ചില്ല.
റെയിൽവേ രംഗത്തെ അവഗണന പതിവുപോലെ തുടരുകയാണ്. തെക്കുവടക്ക് റെയിൽവെപാത ഇരട്ടിപ്പിക്കാനുള്ള അനുമതിയും ഫണ്ടും ആവശ്യപ്പെട്ടെങ്കിലും ബഡ്ജറ്റ് മൗനം പാലിക്കുന്നു. വ്യവസായരംഗത്ത് ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടണമെന്നാണ് നാം ആവശ്യപ്പെട്ടത്. അതിനോട് ബഡ്ജറ്റ് പ്രതികരിച്ചിട്ടേയില്ല. കൊച്ചി ഷിപ്പ്യാർഡിനുള്ള വിഹിതം കഴിഞ്ഞവർഷം 660 കോടിയായിരുന്നത് 495 കോടിയായി കുറച്ചു. കൊച്ചി പോർട്ട് ട്രസ്റ്റിന്റേത് 67 കോടിയായിരുന്നത് 46 കോടിയാക്കി. കേന്ദ്ര സർക്കാരിന്റെ സുപ്രധാന പദ്ധതിയായ രാഷ്ട്രീയ ആരോഗ്യനിധിയിൽ മലബാർ കാൻസർ സെന്റററിനെ ഉൾപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല. വ്യത്യസ്ത മേഖലകളിലെ അവഗണനയുടെയും പക്ഷപാതത്തിന്റെയും പട്ടിക നീണ്ടതാണ്. രാജ്യം നേരിടുന്ന വളർച്ചാ മുരടിപ്പ്, തൊഴിലില്ലായ്മ, കാർഷികമാന്ദ്യം, വ്യവസായ സ്തംഭനം, ഉത്പാദന മരവിപ്പ് തുടങ്ങിയ കാതലായ പ്രശ്നങ്ങൾ ഒന്നും പരിഹരിക്കാൻ ശ്രമിക്കാത്ത ബഡ്ജറ്റ് കേരളത്തോട് കടുത്ത അവഗണന കാണിക്കുന്നുഎന്നതാണ് വസ്തുത.
ബി.ജെ.പി പ്രകടനപത്രികയിൽ പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിനുള്ള സാമ്പത്തിക നിർദ്ദേശങ്ങൾ പോലുമില്ല. പണപ്പെരുപ്പവും വിലക്കയറ്റവും വർദ്ധിപ്പിക്കുന്ന ബഡ്ജറ്റ്, പൊതുവിൽ രാജ്യത്തിന്റെ താത്പര്യങ്ങൾക്കു ഹാനികരമാണ്. കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്നതും ആഗോള സാമ്പത്തിക വമ്പന്മാർക്ക് രാജ്യത്തിന്റെ സമസ്തമേഖലകളും തുറന്നു കൊടുക്കുന്നതുമാണ് ബഡ്ജറ്റിലെ സാമ്പത്തിക നിർദേശങ്ങൾ. കേന്ദ്രാവിഷ്കൃത പദ്ധതികൾ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഫലപ്രദമായി വിനിയോഗിക്കാൻ പറ്റാത്ത സാഹചര്യം കേരളത്തിലുണ്ട്. നാം നേടിയ പുരോഗതിയാണ് അതിനു കാരണം. കൂടുതൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം കിട്ടുമ്പോൾ കേരളം അവഗണിക്കപ്പെടുന്നു. കേന്ദ്രത്തിന്റെ ഒരേ തരത്തിലുള്ള മാനദണ്ഡങ്ങൾ മാറ്റുക എന്നത് കേരളത്തിന്റെ ആവർത്തിച്ചുള്ള ആവശ്യമാണ്. അത് പരിഗണിച്ചില്ല. സംസ്ഥാനത്തിന് അർഹതപ്പെട്ട ഓഹരി നിഷേധിക്കുന്ന സമീപനം തുടരുകയും ചെയ്യുന്നു.
ആരോഗ്യമേഖലയിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം. ആ രംഗത്ത് കേരളം നേടിയ നേട്ടങ്ങൾ സംരക്ഷിക്കാനും പുതിയ തലമുറയിൽപ്പെട്ട പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും കേന്ദ്രസഹായം ലഭ്യമായേ തീരൂ. എന്നാൽ, ആരോഗ്യമേഖലയോട് സമ്പൂർണ അവഗണനയാണ് കേന്ദ്ര ബഡ്ജറ്റ് കാണിച്ചത്. സംസ്ഥാന സർക്കാരിന്റെ അവകാശങ്ങളും അധികാരങ്ങളും കവർന്നെടുത്ത് കേന്ദ്രത്തിന്റെ ആശ്രിതരാക്കി മാറ്റാനുള്ള ശ്രമമാണ് ബഡ്ജറ്റിൽ തെളിഞ്ഞുകാണുന്നത്. ഫലത്തിൽ, പുതിയ ബഡ്ജറ്റ് നിർദ്ദേശങ്ങളിലൂടെ ദുസഹമായ ഭാരം കേരളത്തിനുമേൽ അടിച്ചേൽപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് പ്രതിഷേധാർഹവും തിരുത്തപ്പെടേണ്ടതുമാണ്.