ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ തദ്ദേശനിർമ്മിത വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് 2021ൽ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറുമെന്ന് വൈസ് അഡ്മിറൽ എ.കെ.സക്സേന അറിയിച്ചു. വിക്രാന്തിന്റെ അവസാനവട്ട മിനുക്കുപണികൾ നടക്കുകയാണെന്നും സക്സേന പറഞ്ഞു. ''കപ്പൽനിർമ്മാണത്തിലൂടെ രാഷ്ട്രനിർമ്മാണം" എന്ന വിഷയത്തിൽ സംസാരിക്കവെയാണ് സക്സേന വിക്രാന്തിന്റെ വിശേഷങ്ങൾ വെളിപ്പെടുത്തിയത്. 2020ൽ വിക്രാന്ത് കമ്മിഷൻ ചെയ്യുമെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈനയെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ നേവിയുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിക്രാന്തിനെ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്.
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ
നിർമ്മാണം കൊച്ചി കപ്പൽ ശാലയിൽ
ഭാരം 40,000 ടൺ
പേര് വന്നത് ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എൻഎസ് വിക്രാന്തിൽനിന്ന്
ഉപയോഗിച്ചിരിക്കുന്നത് ഐ.എൻ.എസ് വിക്രമാദിത്യയിലെ അതേ സാങ്കേതികവിദ്യ
തുടക്കത്തിൽ വഹിക്കുക റഷ്യൻ നിർമ്മിത മിഗ് 29കെ വിമാനങ്ങൾ
വരവ് വൈകാൻ കാരണങ്ങൾ പലത്
2011ലാണ് വിക്രാന്തിനെ ആദ്യം നീറ്റിലിറക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, റഷ്യയിൽനിന്ന് ഉരുക്കെത്തിക്കാനുള്ള പദ്ധതി പാളിയതോടെ 2013 വരെ നീറ്റിലിറക്കൽ നീണ്ടു. ഡി.ആർ.ഡി.ഒയുടെ സഹായത്തിൽ കപ്പലിന് ആവശ്യമായ ഉരുക്ക് സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിച്ചാണ് ഇന്ത്യ ഈ പ്രതിസന്ധി തരണം ചെയ്തത്. പിന്നീട് റഷ്യയിൽനിന്ന് ഏവിയേഷൻ സാമഗ്രികൾ എത്തുന്നതിലെ കാലതാമസമാണ് വിക്രാന്തിന്റെ വരവ് ഇത്രയും വൈകിപ്പിച്ചത്.
''ആദ്യഘട്ട ട്രയൽ അടുത്തവർഷം ഫെബ്രുവരി -മാർച്ചോടുകൂടി നടക്കും. വിമാനം വിക്ഷേപിക്കുന്നതിനായുള്ള ട്രയൽ കൈമാറ്റത്തിനുശേഷം മാത്രമേ ഉണ്ടാകൂ. "- എ.കെ. സക്സേന