karnataka-crisis

ബംഗളൂരു: എം.എൽ.എമാരുടെ കൂട്ടരാജിയെ തുടർന്ന് മരണശയ്യയിലായ കർണാടക സർക്കാരിനെ പിടിച്ചുനിറുത്താനുള്ള കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും അവസാനശ്രമമെന്ന നിലയിൽ ഭീഷണിക്കാരായ വിമതരെ ഉൾപ്പെടുത്തി സമ്പൂർണ മന്ത്രിസഭാ പുന:സംഘടനയ്ക്ക് കളമൊരുങ്ങി. രക്ഷാദൗത്യത്തിനു വഴിയൊരുക്കി കർണാടക മന്ത്രിസഭയിലെ കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും മുഴുവൻ മന്ത്രിമാരും രാജിവച്ചു.

കോൺഗ്രസിന്റെ ഇരുപത്തിയൊന്നും ജെ.ഡി.എസിന്റെ ഒൻപതും ഉൾപ്പെടെ മുപ്പതു പേരാണ് ഇന്നലെ മന്ത്രിസ്ഥാനമൊഴിഞ്ഞത്. ശനിയാഴ്ചയും ഇന്നലെയുമായി ആകെ 16 എം.എൽ.എമാർ രാജിവച്ച കർണാടകത്തിൽ ഇന്ന് സ്പീക്കറുടെ തീരുമാനം നിർണായകമാകും. ബി.ജെ.പിക്ക് നിലവിൽ 107 അംഗങ്ങളുടെ പിൻബലമുണ്ടെന്ന് ഇന്നലെ രാത്രി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചതോടെ കർണാടകത്തിൽ താമര ഭരണത്തിലേക്കാണ് വഴികൾ നീളുന്നത്. ഇപ്പോഴത്തെ നിലയിൽ ഭരണപക്ഷത്തിന് 102 പേരുടെ പിന്തുണയേയുള്ളൂ.

അതേസമയം, ശനിയാഴ്ച രാജിക്കത്തു നൽകിയ 13 എം.എൽ.എമാരും മുംബയിൽ ബാന്ദ്ര കുർള കോംപ്ളക്സിലെ സോഫിടെൽ പഞ്ചനക്ഷത്ര ഹോട്ടലിലാണ്. ഇവരെ ബി.ജെ.പി രാഷ്ട്രീയ തടവുകാരാക്കിയെന്ന് ആരോപിച്ച് മുംബയിലെ കോൺഗ്രസ് പ്രവ‌ർത്തകർ ഹോട്ടലിനു മുന്നിൽ പ്രതിഷേധിച്ചു. കൂടുതൽ എം.എൽ.എമാർ മറുകണ്ടം ചാടാതിരിക്കാൻ ജെ.ഡി.എസ് നേതൃത്വം ബാക്കിയുള്ള മുഴുവൻ അംഗങ്ങളെയും രാത്രി തന്നെ ദേവനഹള്ളിയിലെ നക്ഷത്ര റിസോർട്ടിലേക്കു മാറ്റി.

അതിനിടെ, ഭരണപക്ഷത്തു നിന്ന് ഇന്നലെ മൂന്ന് എം.എൽ.എമാർ കൂടി രാജിവച്ചു. കോൺഗ്രസിലെ റോഷൻബെയ്ഗ്, സർക്കാരിനെ പിന്തുണച്ചിരുന്ന സ്വതന്ത്രൻ എ എച്ച്. നാഗേഷ്, കെ.പി.ജെ.പി (കർണാ

ടക പ്രജ്ഞാവന്ത് ജനതാ പാർട്ടി) അംഗം ആർ. ശങ്കർ എന്നിവരാണ് ഇന്നലെ രാജിവച്ചത്. മൂവരും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. നാഗേഷ് വൈകിട്ടുതന്നെ മുംബയ്ക്കു പോയി. വിമതപക്ഷം മുംബയിലെയും, ജെ.ഡി.എസിൽ ബാക്കിയുള്ളവർ ദേവനഹള്ളിയിലെയും റിസോർട്ടുകളിൽ തന്ത്രങ്ങൾ ശക്തമാക്കിയതോടെ ആറു മാസംമുമ്പ് കർണാടകത്തിൽ അരങ്ങേറിയ റിസോർട്ട് രാഷ്ട്രീയത്തിന്റെ തനിയാവർ‌ത്തനമാണ് ഇപ്പോഴത്തേത്.

ഇന്നലെ ഇങ്ങനെ

രാവിലെ

 പ്രശ്നപരിഹാര ചർച്ചകൾക്ക് ഡൽഹിയിൽ നിന്നെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗാപാൽ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ വസതിയിൽ പാർട്ടി മന്ത്രിമാരുടെ യോഗം വിളിക്കുന്നു.

 21 കോൺഗ്രസ് മന്ത്രിമാരും രാജിവച്ച് മന്ത്രിസഭാ പുന:സംഘടനയ്ക്ക് തീരുമാനം

 മുംബയിലെ ഹോട്ടലിൽ തങ്ങുന്ന 10 വിമത അംഗങ്ങളെ വിവരം ധരിപ്പിക്കാൻ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ ചുമതലപ്പെടുത്തുന്നു

 ഡി.കെ. ശിവകുമാർ ഉച്ചയ്‌ക്കു മുമ്പുതന്നെ മുംബയ്ക്ക് പറക്കുന്നു.

ഉച്ചയ്ക്ക്

 കോൺഗ്രസ് യോഗത്തിനു പിന്നാലെ ദളിലും തിരക്കിട്ട നീക്കം.

 മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പാർട്ടിയുടെ 9 മന്ത്രിമാരെയും ബാക്കി എം,എൽ.എമാരെയും അടിയന്തര യോഗത്തിന് വിളിച്ചുവരുത്തുന്നു.

 ഒൻപതു മന്ത്രിമാരും രാജി സമർപ്പിക്കാൻ കുമാരസ്വാമി ആവശ്യപ്പെടുന്നു. എല്ലാവരും സമ്മതിക്കുന്നു.

 ബാക്കിയുള്ള 34 എം.എൽ.എമാരെ റിസോർട്ടിലേക്കു മാറ്റാൻ തീരുമാനിക്കുന്നു.

 എം.എൽ.എമാർ ദേവനഹള്ളിയിലെ റിസോർട്ടിലേക്ക്

വൈകിട്ട്

 കോൺഗ്രസ് എം.എൽ.എ റോഷൻ ബെയ്ഗ് രാജിവച്ച് ബി.ജെ.പിയിലേക്ക്. ഇതോടെ കോൺഗ്രസ് വിട്ട എം.എൽ.എമാരുടെ എണ്ണം 11

 സർക്കാരിനെ പിന്തുണച്ചിരുന്ന കെ.പി.ജെ.പി അംഗം ആർ. ശങ്കർ, സ്വതന്ത്രൻ എച്ച്. നാഗേഷ് എന്നിവർ രാജിവച്ച് ബി.ജെ.പിയിലേക്ക്

 ഭൂരിപക്ഷം നഷ്ടമായ സഖ്യ സർക്കാർ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ

 കോൺഗ്രസിന്റെ ദൂതുമായി മുംബയിലെത്തിയ ഡി.കെ. ശിവകുമാർ വിമതർ താമസിക്കുന്ന ഹോട്ടലിലേക്ക്