അമ്പലപ്പുഴ/എടക്കര: കായംകുളം എം.എൽ.എ യു. പ്രതിഭയുടെ ഭർത്താവും കെ.എസ്.ഇ.ബി ഓവർസിയറുമായ തകഴി പഞ്ചായത്ത് പതിമ്മൂന്നാം വാർഡ് പടഹാരം നളന്ദയിൽ ഹരിയെ (47) മലപ്പുറം ചുങ്കത്തറയിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 10 വർഷമായി അകന്നു കഴിയുകയാണ് പ്രതിഭയും ഹരിയും.
ഇന്നലെ രാവിലെ മുതൽ ക്വാർട്ടേഴ്സിന് പുറത്ത് കാണാത്തതിനെത്തുടർന്ന് സഹപ്രവർത്തകരും നാട്ടുകാരും തെരച്ചിൽ നടത്തുകയും പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യാക്കുറിപ്പും മുറിയിൽ നിന്ന് പൊലീസ് കണ്ടെത്തി. മരണത്തിന് താനും തന്റെ ശീലങ്ങളും മാത്രമാണ് ഉത്തരവാദിയെന്നും മറ്റാർക്കും പങ്കില്ലെന്നുമാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് സ്ഥലംമാറ്റം ലഭിച്ച് 2017ലാണ് കെ.എസ്.ഇ.ബി ചുങ്കത്തറ സെക്‌ഷനിലെ ഓവർസിയറായി ഹരിയെത്തിയത്. 2001 ഫെബ്രുവരി നാലിനായിരുന്നു പ്രതിഭയും ഹരിയും വിവാഹിതരായത്.
ഇവരുടെ മകൻ കനിവ് തകഴി ദേവസ്വം ബോർഡ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. രണ്ടു വർഷം മുമ്പ് പ്രതിഭ ആലപ്പുഴ കുടുംബകോടതിയിൽ നൽകിയ വിവാഹമോചന ഹർജി വിസ്താരം പൂർത്തിയായി അടുത്ത ഘട്ടത്തിലേക്ക് 16ന് കടക്കാനിരിക്കെയാണ് ഹരിയുടെ മരണം. പരേതനായ രാജപ്പ പണിക്കരുടെയും പൊന്നമ്മയുടെയും മകനാണ്. സഹോദരൻ: ഡോ. പ്രസാദ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.