കൊച്ചി: ഏറെ പ്രതീക്ഷകളർപ്പിച്ച കേന്ദ്ര ബഡ്‌ജറ്റ് വിപരീതഫലം സമ്മാനിച്ചതിന്റെ നിരാശയിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ നഷ്‌ടത്തിലേക്ക് തകർന്നടിഞ്ഞു. സെൻസെക്‌സ് 793 പോയിന്റിടിഞ്ഞ് 38,720ലും നിഫ്‌റ്റി 252 പോയിന്റ് താഴ്‌ന്ന് 11,558ലുമാണ് വ്യാപാരാന്ത്യമുള്ളത്. ഇന്നലെ ഒരുവേള സെൻസെക്‌സ് 907 പോയിന്റും നിഫ്‌റ്റി 287 പോയിന്റും വരെ നഷ്‌ടം നേരിട്ടിരുന്നു.
നിലവിൽ ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌ത കമ്പനികളിലെ കുറഞ്ഞ പൊതു ഓഹരി പങ്കാളിത്ത പരിധി 25 ശതമാനമാണ്. ഇത്, 35 ശതമാനമായി ഉയർത്താൻ സെബിയോട് നിർദേശിക്കുമെന്ന ബഡ്‌ജറ്റ് പ്രഖ്യാപനമാണ് നിക്ഷേപകരെ നിരാശയിലാഴ്‌ത്തിയ പ്രധാന ഘടകം. നിക്ഷേപകരിൽ നിന്ന് കമ്പനികൾ ഓഹരികൾ തിരികെ വാങ്ങുന്നതിന് (ബൈബാക്ക്) 20 ശതമാനം നികുതി ഏർപ്പെടുത്തിയതും തിരിച്ചടിയാണ്. ഉയർന്ന വരുമാനമുള്ളവർക്കുമേൽ ഏർപ്പെടുത്തിയ അധിക സർചാർജ്, പ്രതിവർഷം ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപയ്ക്കുമേൽ പണമായി പിൻവലിക്കുമ്പോഴുള്ള രണ്ടു ശതമാനം നികുതി (ടി.ഡി.എസ്) എന്നീ നിർദേശങ്ങളും ഓഹരി വിപണിയുടെ തകർച്ചയ്ക്ക് വഴിയൊരുക്കി.
ഇടിവിന് പിന്നിൽ
കേന്ദ്ര ബഡ്‌ജറ്റിലെ നികുതി നിർദേശങ്ങൾ
രൂപയുടെ തളർച്ചയും ക്രൂഡോയിൽ വില വർദ്ധനയും
അമേരിക്കൻ സമ്പദ്‌രംഗം മെച്ചപ്പെട്ടതിനാൽ, കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറയ്ക്കില്ലെന്ന ആശങ്ക
ആഗോള തലത്തിൽ ഓഹരി വിപണികൾ നേരിട്ട വില്‌പന സമ്മർദ്ദം
പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും വായ്‌പാ തട്ടിപ്പ് റിപ്പോർട്ട് ചെയ്‌തത്
കോർപ്പറേറ്റ് കമ്പനികളുടെ ജൂൺപാദ പ്രവർത്തനഫലങ്ങൾ ഉടൻ പുറത്തുവന്നു തുടങ്ങുന്നത് സംബന്ധിച്ച ആശങ്ക
₹3.39 ലക്ഷം കോടി
ഇന്നലെ സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് കൊഴിഞ്ഞുപോയത് 3.39 ലക്ഷം കോടി രൂപയാണ്. 151.35 ലക്ഷം കോടി രൂപയിൽ നിന്ന് 147.96 ലക്ഷം കോടി രൂപയിലേക്ക് സെൻസെക്‌സിന്റെ മൂല്യമിടിഞ്ഞു.
നഷ്‌ടം രുചിച്ചവർ
ബജാജ് ഫിനാൻസ്, ഒ.എൻ.ജി.സി., എൻ.ടി.പി.സി., എൽ ആൻഡ് ടി., മാരുതി സുസുക്കി, എസ്.ബി.ഐ., ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോർകോർപ്പ് എന്നിവയാണ് നഷ്‌ടം നേരിട്ട പ്രമുഖ ഓഹരികൾ.
₹66.86
രൂപയുടെ മൂല്യം ഇന്നലെ ഡോളറിനെതിരെ 24 പൈസ കുറഞ്ഞ് 66.86ലെത്തി. നേരിയ വർദ്ധനയുമായി ബ്രെന്റ് ക്രൂഡ് വില ബാരലിന് 64.33 ഡോളറിലുമെത്തി.
₹5,985
വിപണിയിലെ മാന്ദ്യം മൂലം ഉത്‌പാദനം കുറച്ച പശ്‌ചാത്തലത്തിൽ മാരുതിയുടെ ഓഹരിമൂല്യം ഇന്നലെ 5,985 രൂപയിലേക്ക് താഴ്‌ന്നു. രണ്ടുവർഷത്തിനിടെ ആദ്യമായാണ് മൂല്യം 6,000 രൂപയ്‌ക്ക് താഴെ എത്തുന്നത്.