ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി ഇറാനിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന കാലത്ത് റോയുടെ വിവരങ്ങൾ ചോർത്തി നൽകി തങ്ങളുടെ ജീവൻ വരെ അപകടത്തിലാക്കിയെന്ന ഗുരുതര ആരോപണവുമായി മുൻ ഉദ്യോഗസ്ഥൻ എൻ.കെ. സൂദ് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അൻസാരിക്കെതിരെ ആരോപണമുന്നയിച്ചത്. സംഭവത്തിൽ അന്വേഷണവും സൂദ് ആവശ്യപ്പെട്ടു.
1990 മുതൽ 92 വരെ ടെഹ്‌റാനിൽ ഇന്ത്യൻ സ്ഥാനപതിയായിരുന്നു ഹമീദ് അൻസാരി. ഈ സമയം സൂദ് ഇറാനിൽ റോയിൽ പ്രവർത്തിച്ചിരുന്നു. കാശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾക്ക് ഇറാനിൽ നിന്ന് സഹായം ലഭിക്കുന്നത് സംബന്ധിച്ചുള്ള നിരീഷണമായിരുന്നു സൂദടക്കമുള്ള റോ ഉദ്യോഗസ്ഥരുടെ ചുമതല. ഈ വിവരവും ഉദ്യോഗസ്ഥരുടെ പേരുകളും അൻസാരി ഇറാന് ചോർത്തി നൽകിയെന്നും, ഇറാന്റെ ചാര ഏജൻസിയായ സവാക് നാലുതവണ റോയിലെ ഉദ്യോഗസ്ഥരെയും എംബസി ജീവനക്കാരെയും തട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തിയെന്നും സൂദ് ആരോപിക്കുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന് സൂദ് കത്തെഴുതിയിരുന്നു. തുടർന്ന് അൻസാരിയും അന്നത്തെ ഇന്റലിജൻസ് ബ്യൂറോ അഡിഷണൽ സെക്രട്ടറിയായിരുന്ന രത്തൻ സെയ്ഗളും ചേർന്ന് ഗൾഫ് മേഖലയിലെ റോയുടെ യൂണിറ്റ് തന്നെ ഇല്ലാതാക്കിയെന്നും സൂദ് ട്വിറ്ററിൽ കുറിച്ചു.
1961 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഹമീദ് അൻസാരി ഇറാക്ക്, മൊറോക്കോ, ബെൽജിയം, സൗദി അറേബ്യ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇറാന് പുറമെ യു.എ.ഇ, ആസ്‌ട്രേലിയ,അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഥാനപതിയായി തുടർന്ന് 1993 മുതൽ 1995 വരെ ഇന്ത്യയുടെ യു.എന്നിലെ സ്ഥിരം പ്രതിനിധിയായി. 2007 മുതൽ 2017 വരെയാണ് ഉപരാഷ്ട്രപതി പദവി വഹിച്ചത്.
സൂദിന്റെ ആരോപണം
1. റോയുടെ പ്രവർത്തനവും ഉദ്യോഗസ്ഥരുടെ പേരും അൻസാരി ഇറാനു നൽകി
2. തുടർന്ന് ഉദ്യോഗസ്ഥരെ ഇറാൻ തട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്തു
3. അൻസാരി ഇടപെട്ട് ഗൾഫ് മേഖലയിൽ റോയുടെ പ്രവത്തനം നിറുത്തിച്ചു
സുബ്രഹ്മണ്യൻ സ്വാമിയും രംഗത്ത്
അൻസാരിക്കെതിരായ സൂദിന്റെ ട്വീറ്റിന് പിന്നാലെ ആരോപണങ്ങളുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും രംഗത്തെത്തി. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അൻസാരി കമ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായിരുന്നെന്നും യു.പി.എ അദ്ദേഹത്തെ പിന്തുണയ്ക്കുകയായിരുന്നെന്നുമാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം.