pinarayi-vijayan

തിരുവനന്തപുരം: കാരുണ്യ ഇൻഷുറൻസ് പദ്ധതിയുടെ സമയപരിധി നീട്ടിയെന്ന് അറിയിച്ച് സംസ്ഥാന സർക്കാർ. ഇതിനെ സംബന്ധിച്ച് ധനവകുപ്പുമായി ആരോഗ്യ വകുപ്പ് ധാരണയിൽ എത്തിയെന്നും സർക്കാർ പറയുന്നു. കാരുണ്യ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും പദ്ധതിയുടെ ആനുകൂല്യം ഈ വർഷം മുഴുവൻ ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

അതേസമയം ഏറെ ഗുണഫലങ്ങളുള്ള ഈ പദ്ധതി നിർത്തലാക്കി എന്ന് വാർത്തകൾ പുറത്ത് വരുന്നതിനെ തുടർന്ന് രോഗികൾ ആശങ്കയിലായിരുന്നു. ഇതിന് പകരമായി പുതിയ പദ്ധതി കൊണ്ടുവരുമെന്നും എന്നാൽ കിടത്തിയുള്ള ചികിത്സയ്ക്ക് മാത്രമാണ് പുതിയ പദ്ധതി ഉപകാരപ്പെടുക എന്നും വാർത്തകൾ വന്നിരുന്നു, കാരുണ്യ പദ്ധതി കൂടുതൽ ആകർഷകവും ഗുണപ്രദവുമാക്കി കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് പുതിയ തീരുമാനമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.

ഇത് താൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ദുഷ്ടലാക്കോടെ ചിലർ വ്യാജപ്രചാരണം നടത്തുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. വരാൻ പോകുന്ന പദ്ധതി അനുസരിച്ച്‌ അഞ്ച് ലക്ഷം രൂപയാണ് ഇൻഷുറൻസ് തുകയായി ലഭിക്കുക. കാരുണ്യ പദ്ധതിയിൽ രണ്ട്‍ മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് ലഭിച്ചിരുന്നത്. പഴയ പദ്ധതി വഴി സഹായം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. എന്നാൽ പുതിയ പദ്ധതിയിൽ അത് ഉറപ്പാണ്. മന്ത്രി പറഞ്ഞു.