ശ്രീനഗർ: ജമ്മു കാശ്മീരിനെ പരാമർശിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ടിനെതിരെ ഇന്ത്യയുടെ നയതന്ത്ര പ്രതിഷേധം. റിപ്പോർട്ടിൽ പറയുന്നവ വസ്തുതാ വിരുദ്ധവും, ഏതെങ്കിലും പ്രത്യേക പ്രേരണയോടു കൂടിയുള്ളതുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. കാശ്‌മീരിലെ ജനങ്ങളുടെ സ്വയം നിർണയത്തിനുള്ള അവകാശത്തെ അന്താരാഷ്ട്ര നിയമമനുസരിച്ച് സംരക്ഷിക്കുകയും ബഹുമാനിക്കുകയും വേണമെന്നായിരുന്നു യു.എൻ മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ വർഷം പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നത്. ഇതിന് സമാനമാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിലെ പരാമർശങ്ങളും. ''കാശ്‌മീരിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ശിക്ഷാരീതികളും നടപ്പാക്കി വരുന്നുണ്ട്. പാക് അധിനിവേശ കാശ്‌മീരിലും സമാനമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറുന്നത്"- യു.എന്നിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു. ജമ്മുകാശ്മീരിലും പാക് അധീന കാശ്മീരിലും ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി, ഇന്ത്യയെയും പാകിസ്ഥാനെയും ഒരേതട്ടിലാക്കിക്കൊണ്ട് 2018 ജൂണിലായിരുന്നു യു.എന്നിന്റെ ആദ്യ റിപ്പോർട്ട് പുറത്തുവന്നത്.
അതേസമയം, യു.എൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ ഭീകരവാദത്തെ നിയമവത്കരിക്കുകയാണെന്നും ഇന്ത്യയുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും ലംഘിക്കുന്നതാണ് റിപ്പോർട്ടിലെ വാദങ്ങളെന്നും പ്രധാന പ്രശ്‌നമായ അതിർത്തി കടന്നുള്ള ഭീകരവാദം ഇതിലൂടെ അവഗണിക്കുന്നുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെയും, ഭീകരവാദം സ്പോൺസർ ചെയ്യുന്ന രാജ്യത്തെയും ഒരുപോലെയാക്കാനുള്ള മനഃപൂർവമായ നീക്കമാണ് റിപ്പോർട്ടിന് പിന്നിലുള്ളതെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.