kangana-ranaut

നടി കങ്കണ രനാവത്തിനെ വെറുക്കുന്നവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വെറുക്കുന്നവരാണെന്ന് പറഞ്ഞുകൊണ്ട് നടിയുടെ സഹോദരി രംഗോലി ചന്ദേൽ. ട്വിറ്ററിലൂടെയായിരുന്നു രംഗോലിയുടെ പ്രതികരണം. കങ്കണയെ എല്ലാവരും വെറുക്കുന്നത് അവർ പ്രധാനമന്ത്രിയെ പരസ്യമായി പിന്താങ്ങുന്നത് കൊണ്ടാണെന്ന് പറഞ്ഞുകൊണ്ടുള്ള ട്വീറ്റുകളോടുള്ള പ്രതികരണമായാണ് കങ്കണയുടെ സഹോദരി ഇങ്ങനെ കുറിച്ചത്.

കങ്കണയ്ക്കതിരായി നിൽക്കുന്നവരെയെല്ലാം ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ പിടികിട്ടുമെന്നും അവരെല്ലാം ഹിന്ദുക്കളെ വെറുക്കുന്നവരും പാകിസ്ഥാനെ സ്നേഹിക്കുന്നവരും ആണെന്നും രംഗോലി തന്റെ ട്വീറ്റിൽ പറയുന്നു. അവരുടെ ഏതാനും ട്വീറ്റുകൾ ശ്രദ്ധിച്ചാൽ ഈ വസ്തുത മനസിലാകും. രംഗോലി ട്വീറ്റ് ചെയ്തു. ഇത്തരത്തിൽ പെരുമാറുന്നവരെ കണ്ടു പിടിക്കുന്നത് എളുപ്പമാണെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ താൻ തന്റെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്നും രംഗോലി വെല്ലുവിളിച്ചു.

കങ്കണ റനാവത്ത്, നിരവധി തവണ, താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു. മോദി തന്റെ മാതൃകാ പുരുഷനാണെന്നും മോദിയെപ്പോലെ ചായക്കടയിൽ ജോലി ചെയ്തിരുന്ന ഒരാൾ രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുന്നത് ജനാധിപത്യത്തിന്റെ വൻ വിജയമാണെന്നും കങ്കണ പറഞ്ഞിരുന്നു. രണ്ടാമതും പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയ മോദിയെ 'പ്രിയങ്കരനായ പ്രധാനമന്ത്രി' എന്നും കങ്കണ വിശേഷിപ്പിച്ചിരുന്നു.