kiriyokas

ഏഥൻസ്: ഗ്രീസിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് വൻതിരിച്ചടി. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഭരണപക്ഷമായ ഇടതുപാർട്ടി സിരിസയെ പിന്തള്ളി വലതുകക്ഷിയായ ന്യൂ ഡെമോക്രസി പാർട്ടി അധികാരത്തിലെത്തി. ന്യൂ ഡെമോക്രസി പാർട്ടി നേതാവ് കിരിയാകോസ് മിട്‌സോടകിസാകും പുതിയ പ്രധാനമന്ത്രി. 39.85 ശതമാനം വോട്ടാണ് ന്യൂ ഡെമോക്രസി നേടിയത്. പ്രധാനമന്ത്രി അലക്‌സി സിപ്രസിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട സിരിസയ്ക്ക് 31.53 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

2015ൽ, വൻ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിലാണ് ഗ്രീസിൽ അലക്സിയുടെ നേതൃത്വത്തിൽ ഇടതുപക്ഷം അധികാരത്തിലെത്തിയത്. എന്നാൽ, നാലുവർഷത്തെ ഭരണകാലയളവിൽ, പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാതിരുന്നതാണ് ഭരണപക്ഷത്തിന് തിരിച്ചടിയായത്. സാമ്പത്തിക പ്രതിസന്ധിക്കുശേഷം രാജ്യത്ത് ഉയർന്നുവന്ന വൻതോതിലുള്ള തൊഴിലില്ലായ്മയായിരുന്നു അലക്സിയുടെ ജനപ്രീതിക്ക് മങ്ങലേല്പിച്ചത്. ''ഗ്രീസിലെ വേദനാജനകമായ കാലത്തിന് അറുതിയായി. ഗ്രീസ് വീണ്ടും അഭിമാനത്തോടെ തലയുയർത്തിയിരിക്കുകയാണ്"- പുതിയ പ്രധാനമന്ത്രി മിട്‌സോടകിസ് ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.