ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ രണ്ട് പൊലീസുകാർ കൂടി അറസ്റ്റിലായി. ഡ്രൈവർ നിയാസ്, എ.എസ്.ഐ റെജിമോൻ എന്നിവരാണ് അറസ്റ്റിലായത്. വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
നിയാസ്, എ.എസ്.ഐ റെജിമോൻ എന്നിവർ നേരത്തെ ഒളിവിൽ പോയിരുന്നു. ഇന്നുരാവിലെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. ആരോപണ വിധേയനായ ഇടുക്കി എസ്.പി കെ.ബി.വേണുഗോപാലിനെ സ്ഥലം മാറ്റിയിട്ടുണ്ട്. ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്.പിയായാണ് സ്ഥലം മാറ്റം. പകരം മലപ്പുറം എസ്.പിയായ ടി.നാരായണനെ ഇടുക്കി എസ്.പിയായി നിയമിച്ചു.
കെ.ബി. വേണുഗോപാലിനെതിരെ വ്യാപകമായി ആരോപണങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. എന്നാൽ എസ്.പി വേണുഗോപാലിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് സസ്പെൻഡ് ചെയ്യണമെന്നാണ് സി.പി.ഐയുടേയും കോൺഗ്രസിന്റെയും ആവശ്യം. കൊലപാതകത്തിൽ നെടുങ്കണ്ടം എസ്.ഐ കെ.എ.സാബു, സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സജീവ് ആന്റണി എന്നിവരാണ് ഇതുവരെ റിമാൻഡിലായത്. സാമ്പത്തികതട്ടിപ്പു കേസിലെ പ്രതി രാജ്കുമാറാണ് കസ്റ്റഡിയിലെ ക്രൂരമർദനത്തെ തുടര്‍ന്ന് മരിച്ചത്. ഒമ്പതു പൊലീസുകാർ മർദ്ദിച്ചെന്ന് കേസിലെ മറ്റുപ്രതികളായ ശാലിനിയുടെയും മഞ്ജുവിന്റെയും മൊഴി പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ് വേഗത്തിലായത്