കോഴിക്കോട്: മനസിന്റെ താളം തെറ്റിയർക്ക് ആറ് പതിറ്റാണ്ട്‌കാലമായി സാന്ത്വനമേകുന്ന ഡോ. എൻ വിജയന് ഇന്ന് 90.ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും മുതിർന്ന മാനസികാരോഗ്യ ചികിത്സാ വിദഗ്ദ്ധനായ ഡോ. വിജയനിലൂടെ ലക്ഷക്കണക്കിന് രോഗികളാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നത്.
മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് എം. ബി. ബി. എസ് ബിരുദ നേടിയ ശേഷം ഇംഗ്ളണ്ടിൽ നിന്നാണ് മാനസികാരോഗ്യ ചികിത്സയിൽ ബിരുദാനന്തര ബിരുദം നേടിയത്.
കൊല്ലം ജില്ലയിൽ കണ്ടച്ചിറയിൽ നാരായണന്റെയും അമ്മുക്കുട്ടിയുടെയും മകനായി 1929ൽ ജനിച്ച ഡോ. വിജയൻ 1972ലാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ എത്തുന്നത്. തുടർന്ന് രണ്ട് പതിറ്റാണ്ട് കാലത്തോളം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടായിരുന്നു.1986ൽ വകുപ്പ് മേധാവിയും പ്രൊഫസറുമായിട്ടാണ് വിരമിച്ചത്. വിരമിച്ചതിന് ശേഷവും ഈ പ്രഗത്ഭ മാനസകാരോഗ്യ ചികിത്സാ വിദഗ്ദ്ധന്റെ സേവനം ഉപയോഗപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.അദ്ദേഹത്തെ എമിറേറ്റസ് പ്രൊഫസറായി നിയമിച്ചു.ഇതോടൊപ്പം നഗരത്തിൽ വിജയ ഹോസ്പിറ്റൽ സ്ഥാപിച്ചു. ഇപ്പോഴും ആശുപത്രിയുടെ ചീഫ് സൈക്യാട്രിസ്റ്റാണ്.
ആതുര സേവന രംഗത്തോടൊപ്പം സാമൂഹ്യ പ്രവർത്തനത്തിലും അദ്ദേഹം സജീവമാണ്.ശ്രീ നാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ്, ഐ. എം. എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ്, കേരള പബ്കിക് സർവീസ് കമ്മിഷൻ എക്‌സപർട്ട് മെമ്പർ, കാലിക്കറ്റ് ഈസ്റ്റ് റോട്ടറി ക്ളബ് പ്രസിഡന്റ്, ശ്രീകണ്ഠേശ്വര ക്ഷേത്ര ബോർഡ് ഡയരക്ടർ,ശ്രീനാരായണ ക്ളബ് പ്രസിഡന്റ് ,ഗുരുധർമ്മ പ്രചാരണ സഭ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കേരള ഹൈക്കോടതിയിലെ ആദ്യത്തെ ഈഴവ ജഡ്ജിയായിരുന്ന പരേതനായ എൻ. കുമാരന്റെ മകൾ പരേതയായ പ്രസന്നയാണ് ഭാര്യ. മുൻ മുഖ്യമന്ത്രി ആർ ശങ്കർ അമ്മാവനാണ്. ഡോ. റോയ് വിജയൻ, രാജേഷ് വിജയൻ, റാണി എന്നിവർ മക്കളും ഐശ്വര്യ റോയ്, ആദിത്യ വിക്രം റോയ്, വിവേക് വേണുഗോപാൽ, ചെഞ്ചു വേണുഗോപാൽ എന്നിവർ പേരക്കിടാങ്ങളുമാണ്.