ന്യൂഡൽഹി: കർണാടകയിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് കാരണം രാഹുൽ ഗാന്ധിയാണെന്ന് കുറ്റപ്പെടുത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇപ്പോൾ കർണാടകത്തിൽ ഉണ്ടാകുന്ന എം.എൽ.എമാരുടെ രാജികൾക്ക് തുടക്കമിട്ടത് രാഹുലാണെന്നും ഇക്കാര്യത്തിൽ ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും രാജ്‌നാഥ് സിംഗ് ലോക്സഭയിൽ കോൺഗ്രസിനോടായി ചോദിച്ചു. ഇത് ചോദിച്ചയുടൻ ലോക്സഭാ ടി.വിയുടെ ക്യാമറ രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നേർക്ക് തിരിഞ്ഞു.
'രാഹുൽ ഗാന്ധിയാണ് ഒന്നിന് പിറകെ ഒന്നെന്ന രീതിയിൽ എം.എൽ.എമാർ രാജിവയ്ക്കുന്ന പ്രവണതയ്ക്ക് ആദ്യം തുടക്കമിട്ടത്, ഇപ്പോൾ ഓരോ എം.എൽ.എയും ഈ രീതിയിൽ രാജി നൽകിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ നിങ്ങൾ എന്തിനാണ് ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നത്? എം.എൽ.എമാർക്കും മറ്റും പാരിതോഷികം കൊടുത്തും അവർക്ക് മേൽ സമ്മർദ്ദം ചെലുത്തിയും സ്വന്തം കൂട്ടത്തിൽ ചേർക്കുന്ന പാരമ്പര്യം ബി.ജെ.പിക്കില്ല. പാർലമെന്ററി ജനാധിപത്യത്തിന്റെ അഖണ്ഡതയ്ക്ക് വേണ്ടിയാണ് ഞങ്ങൾ നിലകൊള്ളുന്നത്.' രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇതുവരെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലുള്ള 14 എം.എൽ.എമാരാണ് രാജിവച്ചത്. ഇതിനെ തുടർന്ന് കർണാടകയിലെ സഖ്യ സർക്കാരിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. അധികാരത്തിൽ വന്നപ്പോൾ മുതൽ കർണാടകം സർക്കാരിനെ മറിച്ചിടാൻ ബി.ജെ.പി കരുക്കൾ നീക്കുന്നതായി കോൺഗ്രസും ജെ.ഡി.എസും ആരോപിക്കുന്നുണ്ട്. 14 എം.എൽ.എമാർ സഖ്യം വിട്ടു പോയതോടെ സഖ്യ സർക്കാരിന് തങ്ങളുടെ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. നിലവിൽ കോൺഗ്രസ് ജെ.ഡി.എസ് സഖ്യ സർക്കാരിൽ ഉണ്ടായിരുന്ന മന്ത്രി ആർ.ശങ്കർ ബി.ജെ.പിയോടൊപ്പം ചേർന്നിട്ടുണ്ട്.