ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് - ജെ.ഡി.എസ് എം.എൽ.എമാരുടെ രാജിയെത്തുടർന്നുള്ള പ്രതിസന്ധി തുടരുന്നു. ഇന്ന് സ്വതന്ത്ര എം.എൽ.എ കൂടി രാജിവച്ചതോടെ ജെ.ഡി.എസ് എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിത്തുടങ്ങി. ബെഗളുരു ദേവനഹള്ളിയിലെ റിസോർട്ടിലേക്കാണ് എം.എൽ.എമാരെ മാറ്റുന്നത്. കൂടുതൽ എം.എൽ.എമാർ മറുകണ്ടം ചാടാതിരിക്കാനാണ് ജെ.ഡി.എസിന്റെ പുതിയ നീക്കം.
അതേസമയം കോൺഗ്രസിന്റെ വിമത എം.എൽ.എമാരെ നേരിട്ട് കാണുന്നതിനായി കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ ബെംഗളൂരുവിൽ നിന്ന് മുംബയിലേക്ക് തിരിച്ചു. എം.എൽ.എമാരെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെതുടർന്നാണ് ഡി.കെ. ശിവകുമാറിന്റെ മുംബയ് യാത്ര.
എന്നാൽ ഡി.കെ ശിവകുമാർ എത്തുന്നതറിഞ്ഞ് മുംബയിലെ പഞ്ച നക്ഷത്രഹോട്ടലിൽ നിന്ന് വിമതർ ഗോവയിലേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം പാർട്ടി നിർദേശങ്ങൾ അംഗീരിച്ചില്ലെങ്കിൽ എം.എൽ.എമാരെ അയോഗ്യരാക്കാനും കോൺഗ്രസ് നിക്കം നടക്കുന്നു. ഇതിന്റെ ഭാഗമായി നാളെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചു. യോഗത്തിൽ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്നാണ് കർണാടക കോൺഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. അയോഗ്യരാക്കിയാൽ ഇവർക്ക് പിന്നീട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക് വരും. വിമതരെ അനുനയിപ്പിക്കാൻ നീക്കം നടക്കുന്നതിന്റെ ഭാഗമായാണ് സ്പീക്കർ ഇതുവരെ രാജി സ്വീകരിക്കാത്തതെന്നും റിപ്പോർട്ടുണ്ട്.
ഇതിനിടെ ബി.ജെ.പിയുടെ നിയമസഭാ കക്ഷി യോഗവും ബെംഗളുരുവിൽ നടക്കുന്നുണ്ട്. ബി.എസ്.യദ്യൂരപ്പയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. കോൺഗ്രസ്-ജെ.ഡി.എസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നാളെ ബിജെപി പ്രവർത്തകർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യദ്യൂരപ്പ പറഞ്ഞു.